മൂന്നാര്‍ കയ്യേറ്റം:തച്ചങ്കരി ഫൗണ്ടേഷനെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡി.ജി.പി
Kerala
മൂന്നാര്‍ കയ്യേറ്റം:തച്ചങ്കരി ഫൗണ്ടേഷനെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2013, 3:10 pm

ഇടുക്കി:തച്ചങ്കരി ഫൗണ്ടേഷന്റെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള  അന്വേഷണം റവന്യൂ വകുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡി.ജി.പി.ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാകളക്ടറുടെ കത്തിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി.[]

ഐ.ജി ടോമിന്‍ തച്ചങ്കരി പ്രതിയായിട്ടുള്ള മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച കേസ് റവന്യു വകുപ്പിന്റെ അന്വേഷണം അഞ്ചു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. റവന്യു ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണമുണ്ട്.

തച്ചങ്കരി എസ്‌റ്റേറ്റ്, ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ട്, മൂന്നാര്‍ കറ്ററിംഗ് കോളജ് എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയാണ് പ്രവര്‍ത്തിക്കുന്നത്.

കാറ്ററിംഗ് കോളജിനെതിരെ ഇടുക്കി ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇത് അനുസരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. ഇതേ തുടര്‍ന്ന് കളക്ടര്‍ ഡി.ജി.പി ക്ക് കത്ത് നല്‍കുകയായിരുന്നു.

ഈ വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ കെ.എസ് ബാലകൃഷ്ണന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഫെബ്രുവരി 14 ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ കേസിന്റെ വിവിധ തലത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നതിനാല്‍ പോലീസ് അന്വേഷിക്കേണ്ടതില്ലെന്നും ഇദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കേസില്‍ റവന്യു വകുപ്പ് അടിയന്തിരമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാര്‍ കാറ്ററിംഗ് കോളജിന് പഞ്ചായത്ത് ലൈസന്‍സ്, പി എഫ് എ, ഡി ആന്റ് ഒ ലൈസന്‍സ് എന്നിവയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

അനധികൃത ഭൂമിയിലാണെന്നതുകൊണ്ടാണ് സര്‍ക്കാര്‍ കെട്ടിട നികുതി പഞ്ചായത്ത് ഈടാക്കാത്തത്. ഈ ഇനത്തില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെയെങ്കിലും നഷ്ടം സംഭവിക്കുന്നതായും കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മൂന്നാര്‍ കാറ്ററിംഗ് കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങളും 2007 ജൂലൈ ആറിലെ ഉത്തരവ് പ്രകാരം ദേവികുളം സബ്കലക്ടര്‍ റദ്ദാക്കിയിരുന്നു.