| Wednesday, 10th May 2017, 8:57 am

ഫ്രാന്‍സിന്റെ പാതയില്‍ ദക്ഷിണകൊറിയയും; രാജ്യത്ത് സമാധാനത്തിന്റെ പൂര്‍ണചന്ദ്രോദയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ഫ്രാന്‍സിന്റെ പാത പിന്തുടര്‍ന്ന് ദക്ഷിണകൊറിയയും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു ദശാബ്ദം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് വിരാമമിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂണ്‍ ജെ ഇന്‍ വിജയിച്ചു. 41.08 ശതമാനം വോട്ടുകള്‍ നേടിയാണ് മൂണിന്റെ വിജയം.

രാജ്യത്തെ എല്ലാ ജനങ്ങളുടേയും പ്രസിഡന്റായിരിക്കും താനെന്ന് സോളില്‍ വിജയ പ്രഖ്യാപനത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2012 ല്‍ പാര്‍ക്ക് ഗ്യൂന്‍ ഹൈക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടാനായിരുന്നു മൂണിന് വിധി. 12 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് ഇത്തവണ മൂണ്‍ അധികാരത്തിലെത്തിയിരിക്കുന്നത്.


Also Read: നൊബേല്‍ പുരസ്‌കാരം താന്‍ വേണ്ടെന്നു വച്ചത്; മലാലയ്ക്ക് പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍


ആണവശക്തിയായ ഉത്തര കൊറിയയോടു മെച്ചപ്പെട്ട ബന്ധത്തിനായി വാദിക്കുന്നയാളാണ് അറുപത്തിനാലുകാരനായ മൂണ്‍. കര്‍ക്കശ നിലപാടു മാറ്റി ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ റോ മൂ ഹ്യൂന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മൂണ്‍ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

പാര്‍ക്കിനെതിരായ അഴിമതിവിരുദ്ധ സമരനേതൃത്വത്തിലൂടെ പാര്‍ട്ടിയില്‍ അനിഷേധ്യനായ മൂണ്‍ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയുമാണ്. പാര്‍ക് ഗ്യൂന്‍ ഹൈയുടെ പിതാവ് പാര്‍ക് ചുങ് ഹീയുടെ പതിനെട്ടു വര്‍ഷം നീണ്ട ഏകാധിപത്യ ഭരണകാലത്തു സര്‍ക്കാരിനെതിരെ സമരം ചെയ്തതിനു മൂണ്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.


Don”t Miss: ‘നിക്കാഹുമില്ല, താലിയും വേണ്ട’; മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ ഹിന്ദു യുവതിയും മുസ്‌ലിം യുവാവും ഒന്നായ കഥ


കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അമേരിക്കയുമായി ദക്ഷിണ കൊറിയയുടെ നിലപാടുകളില്‍ മാറ്റം ആവശ്യമാണെന്നു വാദിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഹോങ് ജ്യൂ പ്യോക്ക് 24.3 ശതമാനം വോട്ടു മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. 20 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ട തെരഞ്ഞെടുപ്പില്‍ 77.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more