|

'എനിക്ക് ബെഡ് ടീ വളരെ വൈകിയാണ് തന്നത്, അതിനാല്‍ എഴുന്നേല്‍ക്കാന്‍ വൈകി'; തെരഞ്ഞെടുപ്പിനിടെ സ്വന്തം മണ്ഡലത്തില്‍ നടന്ന സംഘര്‍ഷം അറിഞ്ഞില്ലെന്ന് മൂണ്‍ മൂണ്‍ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയത് എഴുന്നേല്‍ക്കാന്‍ വൈകിയതു കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ മൂണ്‍ മൂണ്‍ സെന്‍. അസന്‍സോളില്‍ നിന്നാണ് മൂണ്‍ മൂണ്‍ സെന്‍ മത്സരിക്കുന്നത്.

‘എനിക്ക് ബെഡ് ടീ വളരെ വൈകിയാണ് തന്നത്. അതിനാല്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി. അല്ലാതെ ഞാനെന്ത് പറയാന്‍. എനിക്കറിയില്ല’, മൂണ്‍ മൂണ്‍ സെന്‍ മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു. എന്‍.ഡി.ടി.വി ഇതിന്റെ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

രാഷ്ട്രീയ സംഘഷങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്നും സി.പി.ഐ.എമ്മിന്റെ ഭരണകാലത്താണ് അത് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെന്നും സംഘര്‍ഷങ്ങളെ ന്യായീകരിച്ചു മൂണ്‍ മൂണ്‍ സെന്‍ പറഞ്ഞു.

അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് വിവിധ ബൂത്തുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി-സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിങ്ബൂത്തുകള്‍ കൈയ്യടക്കിയെന്നും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും സുപ്രിയോ ആരോപിച്ചിരുന്നു.

125-129 പോളിങ് ബൂത്തുകളില്‍ കേന്ദ്രസേനകള്‍ എത്തിയില്ലെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിങ് വൈകിപ്പിച്ചത് സംഘര്‍ഷത്തിലേക്കെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞവര്‍ഷം സംസ്ഥാനത്തു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലെന്നോണം ബോല്‍പുരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

Latest Stories