| Sunday, 8th September 2024, 11:53 am

യുഗാന്ത്യം...എതിരാളികളെ വിറപ്പിച്ച ഇംഗ്ലണ്ട് ഇതിഹാസം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാന്‍ മോയിന്‍ അലിക്ക് സാധിച്ചിരുന്നില്ല ഇതിന് പിന്നാലെയാണ് താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു മോയിന്‍ അലി. ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു മോയിന്‍ അലി അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്.

തന്റെ വിരമിക്കലിനെ കുറിച്ച് ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സംസാരിക്കുകയും ചെയ്തു.

‘എനിക്ക് 37 വയസായി. ഈ മാസം നടക്കാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയിലേക്ക് എന്നെ തെരഞ്ഞെടുത്തില്ല. ഞാന്‍ ഇംഗ്ലണ്ടിനായി ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇപ്പോള്‍ അടുത്ത തലമുറയ്ക്കുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഇതാണ് വിരമിക്കാനുള്ള നല്ല സമയം എന്ന് എനിക്ക് തോന്നി. എനിക്ക് വളരെ അഭിമാനമുണ്ട്,’ മോയിന്‍ അലി ഡെയ്ലി മെയ്‌ലിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനായി 2014 ലാണ് മോയിന്‍ അരങ്ങേറ്റം കുറിക്കുന്നത്. 68 ടെസ്റ്റ് മത്സരങ്ങളില്‍ 118 ഇന്നിങ്‌സുകളില്‍ നിന്നും 3084 റണ്‍സാണ് മോയിന്‍ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 15 അര്‍ധസെഞ്ച്വറികളും താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ 138 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച മോയിന്‍ മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 2355 റണ്‍സുമാണ് നേടിയിട്ടുള്ളത്. ടി-20യില്‍ 92 മത്സരങ്ങളില്‍ കളിച്ച താരം 1229 റണ്‍സും സ്വന്തമാക്കിയിട്ടുണ്. ആറ് ഫിഫ്റ്റിയും കുട്ടിക്രിക്കറ്റില്‍ മോയിന്റെ പേരിലുണ്ട്.

ഇംഗ്ലണ്ടിനൊപ്പം ഏകദിന ലോകകപ്പ്, ടി-20 ലോകകപ്പ് എന്നീ കിരീടങ്ങള്‍ അലി നേടിയിട്ടുണ്ട്. 2019ല്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടി ക്രിക്കറ്റ് ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയുമാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്.

Content Highlight: Mooen Ali Retired From International Cricket

We use cookies to give you the best possible experience. Learn more