കൊച്ചി : മലയാളികള്‍ ഇപ്പോഴും ഒരു നൊമ്പരത്തോടെ ഓര്‍മ്മിക്കുന്ന അത്ഭുത പ്രതിഭ ക്ലിന്റിന് കൊച്ചിയില്‍ സ്മാരകമുയരുന്നു. ഏഴു വയസ്സിനുള്ളില്‍ കാല്‍ ലക്ഷത്തിലധികം ചിത്രങ്ങള്‍ വരച്ച അത്ഭുത ചിത്രകാരനാണ് ക്ലിന്റ് എന്ന ബാലന്‍. ക്ലിന്റിന്റെ ചിത്രങ്ങള്‍ സംരക്ഷിക്കാനുള്ള “ക്ലിന്റ് മെമ്മോറാബിലിയ” എന്ന പേരിലുള്ള പ്രത്യേക പദ്ധതിക്കാണ് തുടക്കമായത്.
ചെറുപ്രായത്തില്‍ തന്നെ അതും ഒരു സാധാരണ ബാലന് ചെയ്യാന്‍ കഴിയാത്തവിധം അതിമനോഹരമായ നിരവധി ചിത്രങ്ങളാണ് ക്ലിന്റ് എന്ന് ലോകം അറിയുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് വരച്ചെടുത്തത്. ഈ ചിത്രങ്ങള്‍ക്കിപ്പോള്‍ മുപ്പത് വര്‍ഷത്തോളം പഴക്കമുണ്ട്. ക്ലിന്റിന്റെ ജീവിതത്തെ ആധാരമാക്കി ഏഴു പുസ്തകങ്ങളും, രണ്ട് ഡോക്യുമെന്ററികളും രചിക്കപ്പെട്ടിട്ടുണ്ട്.
1976 ല്‍ കൊച്ചി സ്വദേശിയായ എം.ടി ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും പുത്രനായാണ് ക്ലിന്റ് ജനിച്ചത്. 5 വയസ്സുള്ളപ്പോള്‍ തന്നെ ചിത്രരചനാ മത്സരങ്ങളിലും ക്ലിന്റ് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഏഴാമത്തെ വയസ്സാവുന്നതിനു മുമ്പ് വൃക്കരോഗത്തെ തുടര്‍ന്നാണ് 1983 ഏപ്രില്‍ 15നു ക്ലിന്റ് മരണമടഞ്ഞത്