| Sunday, 25th September 2022, 8:58 pm

ചുമ്മാ എണ്ണിപ്പെറുക്കിയിരിക്കാതെ ആ ധോണിയെ കണ്ട് പഠിക്കാന്‍ നോക്ക്; പഴയ വീഡിയോ പങ്കുവെച്ച് സ്വന്തം ടീമിനെ ഉപദേശിച്ച് ഇംഗ്ലണ്ട് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം മന്‍കാദ് ചര്‍ച്ചകളാണ്. മന്‍കാദ് ശരിയാണോ തെറ്റാണോ, അത് ക്രിക്കറ്റിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുകയാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ ഒരു വശത്ത്.

ഐ.സി.സി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍, പിന്നെ എന്തിനാണ് അതിലെ ശരി തെറ്റുകള്‍ അന്വേഷിച്ച് സമയം കളയുന്നതെന്ന് ചോദിക്കുന്ന വേറൊരു കൂട്ടര്‍.

ബൗണ്ടറി എണ്ണി ലോകകപ്പ് ജയിച്ച ഇംഗ്ലണ്ടിന് മന്‍കാദിനെ കുറ്റം പറയാനും ദീപ്തി ശര്‍മയെ ഷെയിം വിളിക്കാനുമുള്ള ഒരു അവകാശവുമില്ലെന്ന് പറയുന്ന മറ്റൊരു കൂട്ടര്‍.

അങ്ങനെ ഈ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍ ഒരു വ്യത്യസ്ത നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ധോണിയെ കണ്ടു പഠിക്കാനാണ് മോണ്ടി പനേസര്‍ ആവശ്യപ്പെടുന്നത്.

ഐ.പി.എല്ലില്‍ ധോണി കളിക്കുന്ന വീഡിയോയും മോണ്ടി റീഷെയര്‍ ചെയ്തിട്ടുണ്ട്. ചെന്നൈയും മുംബൈയും തമ്മിലുള്ള ഒരു മത്സരത്തിന്റെ ഈ വീഡിയോയില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ധോണി നില്‍ക്കുന്നത്.

ക്രുണാല്‍ പാണ്ഡേ പന്തെറിയാനായി തുടങ്ങുമ്പോള്‍ ധോണി മുന്നോട്ടായുന്നുണ്ട്. എന്നാല്‍ ബാറ്റ് ക്രീസില്‍ ഉറപ്പിച്ചാണ് ധോണി ഇങ്ങനെ ചെയ്യുന്നത്. അവസാനം പന്തെറിയാതെ ക്രുണാല്‍ തിരിച്ചുവരുമ്പോള്‍ ധോണി പിന്നോട്ടുവരുന്നു. ഈ സമയത്തെല്ലാം ധോണിയുടെ ബാറ്റ് ലൈനില്‍ കൃത്യമായി നില്‍ക്കുന്നുണ്ട്.

മന്‍കാദിങ്ങിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെയാണ്. ബാറ്റ് എപ്പോഴും ക്രീസില്‍ തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നാണ് മോണ്ടി പനേസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘മന്‍കാദിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പക്ഷെ ഇപ്പോള്‍ ഇത് നിയമത്തിന്റെ ഭാഗമായി കഴിഞ്ഞു. മന്‍കാദിങ്ങിലൂടെ റണ്‍ ഔട്ടാകും. കളിക്കാനിറങ്ങുമ്പോള്‍ നിങ്ങളത് എപ്പോഴും ഓര്‍ക്കണം,’ മോണ്ടി പനേസര്‍ പറഞ്ഞു.

അതേസമയം ദീപ്തി ശര്‍മ നടത്തിയ മന്‍കാദിങ്ങിനോട് പനേസറില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് മറ്റു പല പുരുഷ ഇംഗ്ലണ്ട് താരങ്ങളും സ്വീകരിച്ചിട്ടുള്ളത്.

ഇങ്ങനെയാണെങ്കില്‍ നമുക്ക് എത്രയോ വിക്കറ്റുകള്‍ എടുക്കാമായിരുന്നു എന്നാണ് ജെയിംസ് ആന്‍ഡേഴ്സണെ ടാഗ് ചെയ്തുകൊണ്ട് സാം ബില്ലിങ്സ് ട്വീറ്റ് ചെയ്തത്. ‘അപ്പറഞ്ഞത് ശരിയാണ്. പന്തെറിയേണ്ട കാര്യം പോലുമില്ല’ എന്നായിരുന്നു ഇതിന് ആന്‍ഡേഴ്സന്റെ മറുപടി.

ഇങ്ങനെ ഒരു മാച്ച് ജയിക്കാന്‍ താനൊരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു സ്റ്റുവര്‍ട് ബ്രോഡ് ട്വീറ്റ് ചെയ്തത്. മന്‍കാദിങ്ങിന്റെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളതെന്നും താന്‍ വ്യക്തിപരമായി ഇതിനെ നല്ലൊരു രീതിയായി കണക്കാക്കുന്നില്ലെന്നും മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആമി ജോണ്‍സും പറഞ്ഞു.

ഇന്ത്യന്‍ ബൗളര്‍ ആര്‍. അശ്വിനും ഈ വിഷയത്തില്‍ ദീപ്തിയെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. മന്‍കാദിങ്ങിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട കളിക്കാരന്‍ കൂടിയാണ് അശ്വിന്‍. സാം ബില്ലിങ്സിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു അശ്വിന്റെ മറുപടി.

ബൗളറുടെ ഏകാഗ്രതക്കും ശ്രദ്ധക്കുമുള്ള വിക്കറ്റ് എന്ന നിലയില്‍ ഇതിനെ കണക്കാക്കി കൂടെയെന്നാണ് അശ്വിന്‍ തിരിച്ചു ചോദിച്ചത്. വലിയ സമ്മര്‍ദങ്ങള്‍ക്കിടയിലും സോഷ്യല്‍ സ്റ്റിഗ്മ നേരിടേണ്ടി വരുമെന്നറിഞ്ഞിട്ടും ധൈര്യം കാണിക്കുന്ന ബൗളര്‍ ഒരു അവാര്‍ഡ് തന്നെ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

ദീപ്തി ശര്‍മയെ പിന്തുണച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും രംഗത്തെത്തിയിരുന്നു. ദീപ്തി ശര്‍മ നിയമപരമായി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അതുകൊണ്ട് ടീമിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാച്ചിന് ശേഷം പ്രതികരിച്ചത്.

Content Highlight: Monty Panesar Shares Old MS Dhoni Video,  and shows how to back up on mankading

We use cookies to give you the best possible experience. Learn more