കൗണ്ടര്‍ അറ്റാക്കിന്റെ കാര്യത്തില്‍ അവനേക്കാള്‍ മികച്ച മറ്റാരുമില്ല: മോണ്ടി പനേസര്‍
Sports News
കൗണ്ടര്‍ അറ്റാക്കിന്റെ കാര്യത്തില്‍ അവനേക്കാള്‍ മികച്ച മറ്റാരുമില്ല: മോണ്ടി പനേസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th January 2024, 9:17 pm

അഫ്ഗാനിസ്ഥാനെതിരെ ബെംഗളൂരുവില്‍ നടന്ന അവസാന ടി ട്വന്റിയില്‍ ഇന്ത്യ നാടകീയമായ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ നേടിയ 212 റണ്‍സിന് മുകളില്‍ സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സില്‍ വീണ്ടും സമനില പിടിക്കുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ നേടിയ 11 റണ്‍സ് മറികടക്കാനാകാതെ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായാണ് പരാജയപ്പെട്ടത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ തന്റെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ഇപ്പോള്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബൗളര്‍ മോണ്ടി പനേസര്‍. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി രോഹിത്ത് നടത്തിയ ബാറ്റിങ് ആക്രമണ രീതിയേയും പനേസര്‍ എടുത്തു പറഞ്ഞു.

‘കൗണ്ടര്‍ അറ്റാക്കിന്റെ കാര്യത്തില്‍ രോഹിത്തിനേക്കാള്‍ മികച്ച മറ്റാരുമില്ല. ഈ ഏകദിന ലോകകപ്പില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് ഞങ്ങള്‍ കണ്ടു, അദ്ദേഹം തന്റെ കളി മാറ്റി, ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു,’ മോണ്ടി പനേസറെ ഉദ്ധരിച്ച് ഇന്‍ഡോ ഏഷ്യാ ന്യൂസ് ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ ഏകദിനലോകകപ്പില്‍ ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 597 റണ്‍സ് അടിച്ച് റണ്‍വേട്ടയില്‍ രണ്ടാമനാകാനും രോഹിത്തിന് കഴിഞ്ഞിരുന്നു. റണ്‍ വേട്ടയില്‍ 765 റണ്‍സ് നേടി വിരാട് കോഹ്‌ലിയായിരുന്നു ഒന്നാം സ്ഥാനത്ത്.

ഇനി ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ജനുവരി 25ന് ആരംഭിക്കുന്ന പരമ്പരയെക്കുറിച്ചും പനേസര്‍ സംസാരിക്കുകയുണ്ടായിരുന്നു.

‘രോഹിത് ശര്‍മക്കെതിരെ ബൗള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. വിശാലമായ ഹിറ്റിങ്ങാണ് അവന്. ഷോട്ട് സെലക്ഷന്‍ എന്നിവയില്‍ അദ്ദേഹം അതിശയിപ്പിക്കുന്നു. സ്പിന്‍ പിച്ചുകളില്‍ ആക്രമണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഗംഭീരമാണ്, ഇത് ഇംഗ്ലണ്ട് ബൗളര്‍മാരെ പിന്നോട്ട് നയിക്കും,’ മോണ്ടി പനേസര്‍ പറഞ്ഞു.

 

Content highlight: Monty Panesar Praises Rohit Sharma