ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ടെസ്റ്റ് ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോണ്ടി പനേസര്‍. രോഹിത് ശര്‍മയായിരിക്കും ഇന്ത്യയുടെ പ്രധാന ബാറ്ററെന്നും ഇംഗ്ലണ്ടിന് പരമ്പര ജയിക്കണമെങ്കില്‍ ആദ്യം തന്നെ രോഹിത് ശര്‍മയെ പുറത്താക്കണമെന്നുമാണ് മോണ്ടി പനേസര്‍ പറഞ്ഞത്.
‘ഇംഗ്ലണ്ടിന് രോഹിത് ശര്‍മയെ പിടിച്ചുകെട്ടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പ്ലാന്‍ ബി-യിലേക്ക് കളി മാറ്റേണ്ടി വരും. അത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ ഗുണകരമാകും. അവര്‍ക്ക് യുവതാരങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരം ജനുവരി 25ന് നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ആദ്യ ടെസ്റ്റ് -ജനുവരി 25 – 29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്
രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2 – 6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.
മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15 – 19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം
നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി
അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ധര്‍മശാല
ഇതിന് മുമ്പ് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സമനിലയില്‍ അവസാനിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് വീതം മത്സരങ്ങള്‍ സന്ദര്‍ശകരും ആതിഥേയരും വിജയിക്കുകയും ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.
എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ സമനില സ്വന്തമാക്കിയാല്‍ പോലും പരമ്പര നേടാമെന്നിരിക്കെ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.
അതേസമയം, ഇംഗ്ലണ്ട് ടീം ഇതിനോടകം തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. ബാസ്‌ബോളിന്റെ വശ്യത ഇന്ത്യന്‍ മണ്ണില്‍ പുറത്തെടുക്കാനുദ്ദേശിച്ച് തന്നെയാണ് ത്രീ ലയണ്‍സ് ഇന്ത്യയിലെത്തിയിരിക്കുന്നത്.