Advertisement
Sports News
അവനില്ലെങ്കില്‍ ഇന്ത്യക്ക് പ്ലാന്‍ ബി പുറത്തെടുക്കേണ്ടി വരും, അപ്പോള്‍ വീഴ്ത്താം; ഇംഗ്ലണ്ടിന് ബുദ്ധിയുപദേശിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 09, 11:10 am
Tuesday, 9th January 2024, 4:40 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ പുറത്താക്കണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. രോഹിത് ശര്‍മ പുറത്തായാല്‍ ഇന്ത്യ പ്ലാന്‍ ബി-യിലേക്ക് മറാന്‍ നിര്‍ബന്ധിതരാകുമെന്നും ആ സാഹചര്യത്തില്‍ യുവതാരങ്ങളെ സമ്മര്‍ദത്തിലാഴ്ത്താന്‍ സാധിക്കുമെന്നും മോണ്ടി പനേസര്‍ പറഞ്ഞു.

 

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പനേസര്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘സ്പിന്നേഴ്സിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എപ്പോഴും അറ്റാക്കിങ് ക്രിക്കറ്റാണ് പുറത്തെടുക്കാറുള്ളത്. രോഹിത് ശര്‍മയായിരിക്കും ഇന്ത്യയുടെ പ്രധാന ബാറ്റര്‍. ടേണിങ് പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാനാണ് രോഹിത് ശര്‍മ.

ഇന്ത്യക്കെതിരെ പരമ്പര ജയിക്കണമെങ്കില്‍ ഇംഗ്ലണ്ട് രോഹിത് ശര്‍മയെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പുറത്താക്കണം,’ മോണ്ടി പനേസര്‍ പറഞ്ഞു.

‘ഇംഗ്ലണ്ടിന് രോഹിത് ശര്‍മയെ പിടിച്ചുകെട്ടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പ്ലാന്‍ ബി-യിലേക്ക് കളി മാറ്റേണ്ടി വരും. അത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ ഗുണകരമാകും. അവര്‍ക്ക് യുവതാരങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും,’ പനേസര്‍ കൂട്ടിച്ചേര്‍ത്തു.

 

ഇതിന് മുമ്പ് ഇംഗ്ലണ്ടും ഇന്ത്യയും റെഡ്‌ബോളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2നാണ് സമനിലയില്‍ അവസാനിച്ചത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അസാനിച്ചപ്പോള്‍ ഇന്ത്യക്ക് 2-1 എന്ന നിലയില്‍ മേധാവിത്തമുണ്ടായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്.

മത്സരത്തില്‍ സമനില സ്വന്തമാക്കിയാല്‍ പോലും പരമ്പര നേടാമെന്നിരിക്കെ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.

അതസേമയം, ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരക്കുള്ള സ്‌ക്വാഡിനെ ഇംഗ്ലണ്ട് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന്റെ കീഴില്‍ 16 അംഗ ടീമിനെയാണ് ഇ.സി.ബി പ്രഖ്യാപിച്ചത്.

 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം,ഹൈദരാബാദ്

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സ്, റാഞ്ചി

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല

 

Content highlight: Monty Panesar explain how to tackle India