| Saturday, 28th September 2019, 8:59 am

'അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തുക എന്നത് ഒരു ദിവാസ്വപ്‌നമാണോ ? ' മൊണ്ടേക് സിങ് അലുവാലിയ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാര്‍ഷിക വളര്‍ച്ചാനിരക്ക് എട്ട് ശതമാനത്തിലേക്കെത്തിയാല്‍ മാത്രമേ അഞ്ചു ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്താന്‍ സാധിക്കൂ എന്ന് മുന്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ. കാര്‍ഷിക രംഗത്തെ പ്രശ്‌നമെന്താണെന്നും ഗ്രാമീണര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ഷിക വളര്‍ച്ചാനിരക്ക് എട്ട് ശതമാനത്തിലേക്കെത്തിയാല്‍ മാത്രമേ അഞ്ചു ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്താന്‍ സാധിക്കൂവെന്നും മുമ്പ് ഇത് നമ്മള്‍ ചെയ്തിട്ടുണ്ട് എന്നതാണ് ഇതിലെ ഏറ്റവും സന്തേഷമുള്ള കാര്യമെന്നും മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.

ആഗോള മാന്ദ്യത്തിന് മുമ്പ് ഇന്ത്യയുടെ സാമ്പത്തിക വാര്‍ഷിക വളര്‍ച്ചാനിരക്ക് എട്ടു ശതമാനത്തിന് മുകളില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ അത്തരമൊരു വളര്‍ച്ചയുടെ പാതയില്‍ അല്ലെന്നിരിക്കേ ഇത് നടക്കില്ലെന്നും മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

റിസര്‍വ് ബാങ്ക് ഈ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമെന്ന് പറയുമ്പോള്‍ പലതരത്തിലാണ് ഈ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് എത്ര വേഗം നിശ്ചിതമാന്ദ്യത്തെ മറി കടക്കാന്‍ സാധിക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വകാര്യ നിക്ഷേപത്തില്‍ ഉണ്ടായ ഇടിവ് ഒരു പ്രധാന വിഷയമാണ്. കൃഷിയും വേണ്ടവിധം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതു പോലെത്തന്നെ തൊഴില്‍ ഒരു പ്രശ്‌നമാണ്. തൊഴിലില്ലാതെ സ്വകാര്യ നിക്ഷേപം ആവശ്യപ്പെടാനും സാധിക്കില്ല. കയറ്റുമതിയും മന്ദഗതിയിലാണ് നടക്കുന്നത്. ഒരു സമ്പദ് വ്യവസ്ഥ എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുകയും എന്നാല്‍ കയറ്റുമതിയില്‍ പുറകോട്ടു പോവുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലോ അഞ്ചോ വര്‍ഷമായി കയറ്റുമതി ഫലത്തില്‍ നിശ്ചലമായിരുന്നെന്നും അലുവാലിയ പറഞ്ഞു. നമ്മള്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മോശം സ്ഥിതിയിലാണ് കയറ്റുമതിയുടെ കാര്യത്തില്‍ മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കാര്‍ഷിക രംഗത്തെ പ്രശ്‌നമെന്താണെന്നും, ഗ്രാമീണര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. നമുക്ക് എങ്ങനെ നിക്ഷേപം ലഭിക്കും, പദ്ധതി ചെലവ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനായിരിക്കണം? സ്വകാര്യ നിക്ഷേപം എങ്ങനെ പുനരുജ്ജീവിപ്പിക്കണം? എന്നെല്ലാം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ ലാഭം കൂടുന്നതിനു പകരം കുറയുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടാവില്ല.’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷത്തെ ബജറ്റ് നോക്കുകയാണെങ്കില്‍ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ മേല്‍ നിര്‍മിച്ചിരിക്കുന്നതായി കാണാം. 2019 മാര്‍ച്ച് അവസാനിക്കുമ്പോള്‍ വളരെ താഴ്ന്ന നിലയിലായിരുന്നു വരുമാനം. എന്നാല്‍ അത് ബജറ്റില്‍ നേരെ വിപരീതമായാണ് കാണാന്‍ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ചു ട്രില്ല്യണ്‍ ഡോളര്‍’ എന്ന പദം എട്ടു ശതമാനം വളര്‍ച്ച എന്നു പറയാനുള്ളതിന്റെ മറ്റൊരു മാര്‍ഗമായി മാറി. 5-8 വര്‍ഷത്തിനുള്ളില്‍ എന്തായാലും അഞ്ചു ട്രില്ല്യണ്‍ ഡോളര്‍ ലഭിക്കും. അതായത് എട്ടു ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ നമ്മുടെ തൊഴില്‍ മേഖലയ്ക്ക് ലാഭകരമായ സാഹചര്യം ഉണ്ടാവൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

ആഗോളതലത്തില്‍ വ്യാപാരത്തോടുള്ള മനോഭാവം ദുര്‍ബലമാവുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉള്‍വലിയുമ്പോള്‍, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ സഹകരണം നിന്നു തുടങ്ങുമ്പോള്‍ അങ്ങനെ ഉള്‍വലിയാത്ത ഒരു ഭാഗം ഏഷ്യയാണ്. അപ്പോള്‍ നമുക്കതിന്റെ അവിഭാജ്യ ഘടകമാവാന്‍ സാധിക്കണമെന്നും അലുവാലിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more