| Thursday, 13th August 2015, 9:14 am

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും; പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ പ്രക്ഷുബ്ധമായി തുടരുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും. ആരോപണ വിധേയരായ ബി.ജെ.പി മന്ത്രിമാര്‍ രാജിവെക്കാതെ പാര്‍ലമെന്റില്‍ സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധം തുടരും. ജൂലൈ 21 ന് ആരംഭിച്ച ഇത്തവണത്തെ മണ്‍സൂണ്‍ സെഷന്‍ പൂര്‍ണമായും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ നിയമമാക്കാന്‍ ഉദ്ദേശിച്ച ചരക്ക്‌സേവന നികുതി ബില്‍ ഉള്‍പ്പടെയുള്ളവ പാസാക്കാനാകാതെ പോവുകയായിരുന്നു.

ഇതിനിടെ അവസാന ദിനമായ ഇന്ന് വ്യാപം വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ട് വരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സഭ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേ സമയം രാജ്യസഭയില്‍ ഇന്ന് ചരക്ക്‌സേവന ബില്‍ പാസാക്കാന്‍ കഴിയാതിരുന്നാല്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി പാര്‍ലമെന്ററികാര്യ കാബിനറ്റ് യോഗം ഇന്ന് ചേരും. ഇത് കൂടാതെ ആഗസ്റ്റ് 31 ന് കാലാവധി തീരാനിരിക്കുന്ന ഭൂമിയേറ്റെടുക്കല്‍ നിയമം ഓര്‍ഡിനന്‍സിന്റെ കാലാവധി നീട്ടലും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ നേതാക്കളുടെ യോഗവും ഇന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

We use cookies to give you the best possible experience. Learn more