| Friday, 1st October 2021, 10:44 am

ചിലതൊക്കെ ഒറിജിനലാ!!; തെളിവെടുപ്പിനിടെ വിഗ്രഹങ്ങളെ കുറിച്ച് വിശദീകരിച്ച് മോന്‍സന്‍; പൊട്ടിച്ചിരിച്ച് ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോന്‍സനേയും കൊണ്ട് മ്യൂസിയത്തിലെത്തി തെളിവെടുപ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍. ചില യഥാര്‍ത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തില്‍ ഉണ്ടെന്നായിരുന്നു തെളിവെടുപ്പിനിടെ മോന്‍സന്‍ അവകാശപ്പെട്ടത്.

വിഗ്രഹങ്ങളെ കുറിച്ച് മോന്‍സന്റെ വിശദീകരണങ്ങള്‍ തമാശമട്ടിലാണ് ഉദ്യോഗസ്ഥര്‍ കേട്ടത്. പൊട്ടിച്ചിരിയും ബഹളവുമായിട്ടായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ് നടന്നത്.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു.
ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടുകയായിരുന്നെന്നും ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്നും മോന്‍സന്‍ പറഞ്ഞു.

ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണ്. എസ്.പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റയും മനോജും ഉള്ള ചിത്രം താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടില്ല. ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തന്റെ എഫ്.ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോന്‍സന്‍ പറഞ്ഞു.

ശില്‍പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താന്‍ നിര്‍മിച്ച വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വര്‍ഷം കൊണ്ടാണ് വിശ്വരൂപം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു.

കുമ്പിള്‍ തടിയില്‍ നിര്‍മിച്ചതാണിത്. നിര്‍മിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിന്റടിച്ച് മോന്‍സന്‍ അത് മോടിപിടിപ്പിച്ചു. മോന്‍സന്‍ തട്ടിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഓണ്‍ലൈനിലൂടെ അത് വില്പന നടത്തിയേനെയെന്നും
സുരേഷ് പറഞ്ഞു.

പുരാവസ്തുക്കള്‍ ആര്‍ക്കും ഇതേവരെ വിറ്റിട്ടില്ലെന്നാണ് മോന്‍സന്‍ പറയുന്നതെങ്കിലും അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മോന്‍സന്റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ ഇന്നും തുടരും. ചേര്‍ത്തലയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും ആലോചിക്കുന്നുണ്ട്.

മോന്‍സന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. എച്ച്.എസ്.ബി.സി ബാങ്കിന്റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് ആരൊക്കെ സഹായിച്ചെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monson says he invited loknath behra to the museum

We use cookies to give you the best possible experience. Learn more