കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലുമായുള്ള അടുപ്പത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എം.പി.
അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ലെന്നും സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. സംഭവത്തില്‍ സുധാകരന് ജാഗ്രതകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താന്‍ മോന്‍സനുമായി ബന്ധപ്പെട്ടതെന്ന സുധാകരന്റെ വിശദീകരണം വിശ്വസിക്കുന്നെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
പക്ഷേ മോന്‍സന്‍ ഡോക്ടര്‍ പോലുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.
തട്ടിപ്പുകാരനാണെന്നറിഞ്ഞാല്‍ സുധാകരന്‍ മോന്‍സന്റെ അടുക്കല്‍ പോകുമായിരുന്നോയെന്നായിരുന്നു വി.ഡി. സതീശന്‍ ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് മോന്‍സന്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തിഅറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Monson’s money scam; Benny Behanan said that K Sudhakaran should have been careful