| Tuesday, 5th October 2021, 11:18 am

ആരൊക്കെ മോന്‍സന്റെ അടുത്ത് പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി; കെ.സുധാകരന്‍ എന്ന് വിളിച്ച് പറഞ്ഞ് ഭരണപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റില്‍ പ്രതിപക്ഷത്തിന് നേരെ സഭയില്‍ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരൊക്കെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടെ സുധാകരന്‍ സുധാകരന്‍ എന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ വിളിച്ചു പറഞ്ഞു.

തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം മോന്‍സന് ലഭിച്ചിട്ടില്ലെന്നും 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണെന്നും അന്വേഷണം എത്തേണ്ടവരില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോന്‍സന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞമാസം 9 നാണ് മോന്‍സനെക്കുറിച്ച് പരാതി കിട്ടിയത്. അതിനു മുമ്പ് ഡി.ജി.പി സന്ദര്‍ശിച്ചതിന് ശേഷം മോന്‍സനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കാതിരിക്കാനാകില്ല. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയതിലെ വീഴ്ച അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോന്‍സന്റെ കയ്യില്‍ നിന്നും ലഭിച്ച ചെമ്പോലയിലെ വിശദാംശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശബരിമലക്കെതിരെ വ്യാജപ്രചാരണം അഴിച്ചു വിട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ പേരിലുള്ള ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. ഒരു തരത്തിലും സര്‍ക്കാര്‍ ചെമ്പോല ഉപയോഗിച്ച് ശബരിമലക്കെതിരെ ദുഷ്പ്രചാരണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തെ പി.ടി. തോമസ് ആണ് മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് അടിയന്ത പ്രമേയമായി നിയമസഭയില്‍ ഉന്നയിച്ചത്. തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്ത് വരുന്നെന്നും മോന്‍സന്‍ വിഷയത്തില്‍ കെ. സുധാകരന് ഒന്നും മറയ്ക്കാനില്ലെന്നും പി.ടി. തോമസ് പറഞ്ഞിരുന്നു.

മുന്‍ ഡി.ജി.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരനുമായി ബന്ധമുണ്ടെന്നും പൊലീസ് മേധാവിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ എങ്ങനെ എത്തിയെന്നും പി.ടി. തോമസ് ചോദിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ മോന്‍സന് സുരക്ഷ നല്‍കുകയാണെന്നും അവര്‍ക്ക് തട്ടിപ്പുകാരനായ വ്യക്തിയുമായി എത്രത്തോളം ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി.ടി. തോമസ് പ്‌റഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monson Mavunkal issue In Assembly Pinarayi Vijayan Reply

Latest Stories

We use cookies to give you the best possible experience. Learn more