കൊച്ചി: മോന്‍സണ്‍ മാവുങ്കലും സുധാകരനും പ്രതികളായ തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരനായ എം.ടി. ഷമീര്‍. സി.ബി.ഐ അന്വേഷണ ആവശ്യവുമായി മുന്നോട്ട് പോകരുതെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു.
സുധാകരനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് കോടതിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നതെന്നും ഉടന്‍ നടപടിയുണ്ടാകുമെന്ന് എസ്.പി ഉറപ്പ് തന്നുവെന്നും ഷമീര്‍ പറഞ്ഞു.
അതേസമയം, ഈ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണെന്ന ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍ പട്ടികയുടെ വിവരങ്ങളും പുറത്തുവന്നു. ഐ.ജി ലക്ഷ്മണയെയും മുന്‍ ഡി.ഐ.ജി സുരേന്ദ്രനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് അന്വേഷണസംഘം ചുമത്തിയത്.
ഡി.ഐ.ജി സുരേന്ദ്രന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈയില്‍ നിന്ന് പണം കൈപ്പറ്റിയെന്നതിന്റെ തെളിവുകളും പരാതിക്കാരന്‍ എം.ടി. ഷമീര്‍ പുറത്തുവിട്ടു. മോന്‍സണിന്റെ അക്കൗണ്ടില്‍ നിന്ന് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ട്. 5000 രൂപ മുതല്‍ 50,000 രൂപ വരെ പല തവണയായി നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മാധ്യമങ്ങളിലൂടെ ഷമീര്‍ പുറത്തുവിട്ടു.
നേരത്തെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളതായി തെളിയിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.
കെ. സുധാകരന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും ഇതിനോടകം വിവരങ്ങള്‍ ഇ.ഡിക്ക് നല്‍കിയിട്ടുണ്ടെന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. ശരിയായി അന്വേഷിച്ചാല്‍ ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെടെ അകത്ത് പോകുന്നൊരു കേസാണിതെന്നും മോന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.