| Friday, 1st October 2021, 11:30 am

അംശവടിയല്ല, ഊന്നുവടിയാണ് മോന്‍സന് നല്‍കിയതെന്ന് ശില്പി സന്തോഷിന്റെ മൊഴി; വിറ്റത് 2000 രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോന്‍സന് നല്‍കിയത് മോശയുടെ അംശവടിയല്ല, ഊന്നുവടിയാണെന്ന് ശില്പി സന്തോഷിന്റെ മൊഴി. 2000 രൂപയ്ക്കാണ് ഇത് വിറ്റതെന്നും സന്തോഷ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് മോന്‍സന്റെ ശേഖരത്തിലുള്ള ഭൂരിഭാഗം സാധനങ്ങളും നല്‍കിയിരിക്കുന്നത്.

മോന്‍സന്‍ പ്രധാനമായും അവതരിപ്പിച്ചിരുന്ന സിംഹാസനം മോശയുടെ വടി തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം തന്നെ വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

തന്റെ പുരാവസ്തു ശേഖരത്തില്‍ പ്രധാനപ്പെട്ടതെന്ന് മോന്‍സന്‍ വിശേഷിപ്പിച്ചിരുന്ന ഒന്നായിരുന്നു മോശയുടെ വടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോശ ഉപയോഗിച്ച വടി ആണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത് എന്നാണ് മോന്‍സന്‍ അവകാശപ്പെട്ടത്.

രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. ഒരു വടിയില്‍ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തില്‍ നിന്ന് വാങ്ങിച്ചതാണ് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.

2000 വര്‍ഷങ്ങള്‍ക്ക് മേലെ പഴക്കമുള്ള വടിയാണ് ഇതെന്നാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം.

വിദേശത്ത് നിന്ന് ആധികാരികമായി സ്വന്തമാക്കിയത് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ കൈവശ രേഖകളും ഇയാളുടെ പക്കല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും തന്റെ ശേഖരത്തില്‍ ഉണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു.

മോന്‍സന്റെ കൈവശമുള്ള വിവിധ ശില്‍പ്പങ്ങള്‍ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷായിരുന്നു. സുരേഷിനെ ഇന്നലെ മോന്‍സന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സമയത്ത് മോന്‍സനും മാവുങ്കലും അവിടെ ഉണ്ടായിരുന്നു.

സുരേഷ് നല്‍കിയ ശില്‍പ്പങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ ക്രൈംബ്രാഞ്ച് മോന്‍സനോട് ആവശ്യപ്പെട്ടു. ഏകദേശം 80 ലക്ഷം രൂപ വിലപറഞ്ഞാണ് ശില്പം വാങ്ങിയതെന്നും എന്നാല്‍ ഏഴ് ലക്ഷം രൂപ മാത്രമാണ് സുരേഷിന് നല്‍കിയതെന്നും മോന്‍സന്‍ സമ്മതിച്ചു.

അതിവിദഗ്ധമായാണ് മോണ്‍സണ്‍ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാങ്ക് വഴി പണം സ്വീകരിക്കാതെ നേരിട്ട് പണം കൈപ്പറ്റിയതുകൊണ്ടുതന്നെ പണം നിക്ഷേപിച്ചത് എവിടെയെന്നു കണ്ടെത്തുക ശ്രമകരമാണ്.

തൃശൂരിലുള്ള ഇയാളുടെ സുഹൃത്ത് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തില്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

അതേസമയം പുരാവസ്തു തട്ടിപ്പുകേസില്‍ വിദേശ രാജ്യങ്ങളിലെ വില്‍പ്പനയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാജ പുരാവസ്തുക്കള്‍ ഖത്തറില്‍ വില്‍പന നടത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ മൊഴി നല്‍കിയിട്ടുണ്ട്.

മോന്‍സന്റെ കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ക്ക് രജിസ്‌ട്രേഷനില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും.

ബോളിവുഡ് താരത്തിന്റെ പേരില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നു. ഉപയോഗശൂന്യമായ ഈ കാറുകള്‍ മുംബൈയിലെത്തി നിസാര വിലയ്ക്ക് ഇയാള്‍ സ്വന്തം ആക്കിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monson Mavunkal case Sathosh Statement

Latest Stories

We use cookies to give you the best possible experience. Learn more