കൊച്ചി: മോന്‍സന് നല്‍കിയത് മോശയുടെ അംശവടിയല്ല, ഊന്നുവടിയാണെന്ന് ശില്പി സന്തോഷിന്റെ മൊഴി. 2000 രൂപയ്ക്കാണ് ഇത് വിറ്റതെന്നും സന്തോഷ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് മോന്‍സന്റെ ശേഖരത്തിലുള്ള ഭൂരിഭാഗം സാധനങ്ങളും നല്‍കിയിരിക്കുന്നത്.
മോന്‍സന്‍ പ്രധാനമായും അവതരിപ്പിച്ചിരുന്ന സിംഹാസനം മോശയുടെ വടി തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം തന്നെ വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
തന്റെ പുരാവസ്തു ശേഖരത്തില്‍ പ്രധാനപ്പെട്ടതെന്ന് മോന്‍സന്‍ വിശേഷിപ്പിച്ചിരുന്ന ഒന്നായിരുന്നു മോശയുടെ വടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോശ ഉപയോഗിച്ച വടി ആണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത് എന്നാണ് മോന്‍സന്‍ അവകാശപ്പെട്ടത്.
രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. ഒരു വടിയില്‍ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തില്‍ നിന്ന് വാങ്ങിച്ചതാണ് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.
2000 വര്‍ഷങ്ങള്‍ക്ക് മേലെ പഴക്കമുള്ള വടിയാണ് ഇതെന്നാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം.
വിദേശത്ത് നിന്ന് ആധികാരികമായി സ്വന്തമാക്കിയത് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ കൈവശ രേഖകളും ഇയാളുടെ പക്കല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും തന്റെ ശേഖരത്തില്‍ ഉണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു.
മോന്‍സന്റെ കൈവശമുള്ള വിവിധ ശില്‍പ്പങ്ങള്‍ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷായിരുന്നു. സുരേഷിനെ ഇന്നലെ മോന്‍സന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സമയത്ത് മോന്‍സനും മാവുങ്കലും അവിടെ ഉണ്ടായിരുന്നു.