മോന്‍സന്റെ പക്കല്‍ തിമിംഗലത്തിന്റെ അസ്ഥിയും
Kerala News
മോന്‍സന്റെ പക്കല്‍ തിമിംഗലത്തിന്റെ അസ്ഥിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th October 2021, 12:59 pm

കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ തിമിംഗലത്തിന്റെ അസ്ഥിയും. വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ അസ്ഥികള്‍ വനം വകുപ്പ് കണ്ടെടുത്തു.

കലൂരിലുള്ള വീട്ടിലായിരുന്നു ആദ്യം ഇത് സൂക്ഷിച്ചിരുന്നത്. റെയ്ഡിന് മുന്‍പ് ഇത് ഇവിടെ നിന്ന് മാറ്റുകയായിരുന്നു.

തിമിംഗലത്തിന്റെ രണ്ട് അസ്ഥികളാണ് വനംവകുപ്പ് കണ്ടെടുത്തിട്ടുള്ളത്.

അതേസമയം മോന്‍സണെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സംഘാംഗങ്ങള്‍ രംഗത്തെത്തി. മോന്‍സണ്‍ പറഞ്ഞത് പ്രകാരം പലരേയും ഉപദ്രവിച്ചിട്ടുണ്ടെന്ന് ബോഡിഗാര്‍ഡ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു.

തന്റെ കാറിനെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്ത് പോയാല്‍ അവരെ പോയി അടിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് മാത്യു പറയുന്നു.

‘വീടിന്റെ പരിസരത്ത് ഒന്ന് രണ്ട് തവണ പ്രശ്‌നമുണ്ടായപ്പോഴും ആളുകളെ ഉപദ്രവിക്കാന്‍ പറഞ്ഞിട്ടുണ്ട്. മോന്‍സന്റെ അടുത്ത് നിന്ന് പോയ അജിചേട്ടനെ ഉപദ്രവിക്കാനും പറഞ്ഞിട്ടുണ്ടായിരുന്നു,’ മാത്യു കൂട്ടിച്ചേര്‍ത്തു.

അതിനിടെ അറസ്റ്റിലായ ശേഷം മോന്‍സന്റെ ഒരു പെന്‍ഡ്രൈവ് കത്തിച്ച് കളഞ്ഞതായി മാനേജര്‍ ജിഷ്ണു പറഞ്ഞു. മോന്‍സന്റെ നിര്‍ദേശപ്രകാരമാണ് പെന്‍ഡ്രൈവ് കത്തിച്ചതെന്ന് ഇയാള്‍ പറയുന്നു.

പെന്‍ഡ്രൈവില്‍ എന്താണ് ഉണ്ടായിരുന്നതെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് ഒളിക്യാമറകള്‍ പിടിച്ചെടുത്തു.

അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ ക്രൈംബ്രാഞ്ചും സൈബര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വോയിസ് കമാന്‍ഡ് അനുസരിച്ച് റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്ന ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോന്‍സണ് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നു.

മോന്‍സന്റെ മ്യൂസിയത്തില്‍ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഇതിലൂടെ മോന്‍സണ് ഗസ്റ്റ് ഹൗസിലിരുന്ന് തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.

നേരത്തെ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monson Mavungal Whale bones