| Monday, 11th October 2021, 9:42 am

മോന്‍സന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജം; ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷമുള്ള ഒരു രേഖ തന്റെ പക്കലുണ്ടായിരുന്നുവെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നെന്നും അത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണെന്ന് പറഞ്ഞ് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

വ്യാജമായ ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി പത്രത്തിനെതിരായി നടപടിയെടുക്കാന്‍ തയ്യാറാകുമോയെന്നായിരുന്നു സതീശന്റെ ചോദ്യം.

എന്നാല്‍ ചെമ്പോല ആധികാരികമാണെന്ന് ഒരുഘട്ടത്തിലും സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വ്യക്തമാകുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കള്‍ ആധികാരികമാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ വിഭാഗമാണ്. മോന്‍സണിന് സുരക്ഷയൊരുക്കിയത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monson Mavungal Sabarimala Pinaray Vijayan

We use cookies to give you the best possible experience. Learn more