കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ താനും പോയിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയും പന്തളം രാജകുടുംബവുമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ് മോന്‍സന്‍ തന്നെ ചില സുഹൃത്തുക്കള്‍ വഴി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്നെ കാണിച്ച തകിടുകളില്‍ സംശയം തോന്നിയിരുന്നെന്നും അപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവര്‍ വഴി എന്നെ ബന്ധപ്പെട്ടത്. 2017 ലോ 18 ലോ ആണ് പോയത്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങള്‍ മോന്‍സന്റെ വീട്ടിലെ മ്യൂസിയം സംബന്ധിച്ച് വാര്‍ത്തയും ചെയ്തിരുന്നു,’ രാഹുല്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകള്‍ കിട്ടുമോ എന്ന് കരുതിയാണ് പോയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.