| Saturday, 4th December 2021, 9:33 am

ഖുറാന്‍, ബൈബിള്‍, സ്വര്‍ണപ്പിടിയുള്ള കത്തി എന്നിവ കടത്താന്‍ ശ്രമം; പുരാവസ്തു തട്ടിപ്പ് കേസില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ കലൂരിലെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സാധനങ്ങള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് മോന്‍സന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവിന്റെയും ജോഷിയുടെയും ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

ഖുറാന്‍, ബൈബിള്‍, സ്വര്‍ണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താന്‍ പദ്ധതിയിട്ടത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മോന്‍സന്റെ മ്യൂസിയത്തില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ കടത്തണമെന്നാണ് സംഭാഷണത്തില്‍ പറയുന്നത്.

കത്തിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തെത്തിച്ചാല്‍ മാത്രമേ കേസിലെ സെറ്റില്‍മെന്റ് നടക്കുവെന്നും വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് ഉണ്ടായതുകൊണ്ട് വീടിന് പിന്നിലൂടെ സാധനങ്ങള്‍ പുറത്തുകടത്തണമെന്നും സംഭാഷണത്തില്‍ പറയുന്നു.

മോന്‍സനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഐ.ജി ലക്ഷ്മണയും വ്യവസായി ജോര്‍ജും അവിടെയുണ്ടായിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

പരാതികാര്‍ക്ക് പണ നല്‍കിയാല്‍ മാത്രമേ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുവെന്ന് ജിഷ്ണു പറയുന്നുണ്ട്. അതേസമയം, സാധനങ്ങള്‍ എങ്ങനെ കടത്തണമെന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നുണ്ട്.

എന്നാല്‍ മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളാണ് കടത്താന്‍ പദ്ധതിയിടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവരാനുണ്ടെന്നാണ് സൂചന.

ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാണിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കേസില്‍ ഇ.ഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഒരുമാസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ല.

ഇതിനിടെ മോന്‍സനെതിരെ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ പേര് വെളിപ്പെടുത്തി എന്നതില്‍ പ്രവാസി മലയാളി അനിത പുല്ലിയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlights: Monson case; phone call leacked

Latest Stories

We use cookies to give you the best possible experience. Learn more