കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ. വിശദമായ വാദങ്ങള്‍ക്ക് ശേഷം എറണാകുളം ജില്ലാ പൊക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 27 സാക്ഷികളെ കേസില്‍ കോടതി വിസ്ഥരിച്ചു.
കേസില്‍ മോണ്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 13 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 വകപ്പുകളിലാണിപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
ബലാത്സംഗം അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷാവിധി. പോക്‌സോ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. മറ്റ് വകുപ്പുകളിലെ ശിക്ഷ ഉള്‍പ്പടെ അഞ്ച് ലക്ഷത്തിലധികം രൂപ പിഴ വിധിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നല്‍കി വീട്ടുജീവനക്കാരിയുടെ മകളെ കലൂരിലെ വീട്ടില്‍ വെച്ച് പിഡിപ്പിച്ചുവെന്നാണ് കേസ്. 17 വയസുകാരിയായ കുട്ടിയെ ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു.
2019നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. മോണ്‍സന്റെ സ്വാധീനം ഭയന്നാണ് മുന്‍പ് പരാതി നല്‍കാതിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
മോണ്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യത്തെ വിധിയാണിത്. വിവിധ വിഷയങ്ങളില്‍ 16 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അതില്‍ ഈ പോക്സോ കേസടക്കം നാല് പീഡനക്കേസുകളുണ്ട്.