Kerala News
ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് മനസ്സിലായില്ലേ? ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിയില്ലേയെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 10:58 am
Friday, 29th October 2021, 4:28 pm

കൊച്ചി: മോന്‍സന്‍ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മോന്‍സന്റെ വീട്ടില്‍ പോയ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു.

മോന്‍സന്‍ കേസില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ ചോദ്യം. ഐ.ജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതിനിരീക്ഷിച്ചു.

‘ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ. മോന്‍സന്റെ വീട് സന്ദര്‍ശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേ,’ കോടതി ചോദിച്ചു.

പൊലീസിന്റെ സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

അധികാരത്തിലുള്ള ആരെയാക്കൊണ് മോന്‍സന്‍ പറ്റിച്ചതെന്നും കോടതി ചോദിച്ചു.

നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിച്ചു.

എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ആരാഞ്ഞു. മോന്‍സനതിരെ സംശയം ഉണ്ടായിട്ടും പൊലീസ് എന്തിനാണ് സംരക്ഷണം നല്‍കിയതെന്നും കോടതി ചോദിച്ചു.

2019 മെയ് മാസം 11ാം തിയ്യതിയാണ് മോന്‍സനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സന്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പൊലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്ന ചോദ്യവും കോടതിയില്‍ നിന്നുയര്‍ന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monosn Mavungal Loknath Behra Manoj Abraham High Court