| Tuesday, 29th October 2024, 7:29 pm

‘കുത്തക ബച്ചാവോ സിൻഡിക്കേറ്റ്’; അദാനി ഗ്രൂപ്പും ബി.ജെ.പിയും സെബിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സെബി മേധാവി മാധബി പുരി ബുച്ചിനും അദാനി ഗ്രൂപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് മാധ്യമ-പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. സെബി മേധാവി മാധബി പുരി ബച്ചിനും ഹോൾ ടൈം അംഗം അനന്ത് നാരായൺ ഗോപാൽകൃഷ്ണനുമെതിരെയാണ് കോൺഗ്രസിന്റെ ആരോപണങ്ങൾ.

രാജ്യത്ത് ‘കുത്തക ബച്ചാവോ സിൻഡിക്കേറ്റ്’ പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അവകാശപ്പെട്ടു. സെബിയും അദാനി ഗ്രൂപ്പും ബി.ജെ.പിയും അടങ്ങുന്ന അപകടകരമായ നെക്സസ് ആണ് അതി​ന്‍റെ കേന്ദ്രമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സെബിയുടെ കീഴിലുള്ള ഇന്ത്യാബുൾസ് ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് മാധബി ബച്ച് തൻ്റെ സ്വത്ത് വാടകയ്ക്ക് നൽകിയെന്ന് പ്രതിപക്ഷ പാർട്ടി ആരോപിച്ചു. സെബിയിൽ മുഴുവൻ സമയ അംഗമായതിനു ശേഷവും, സെൻ്റ് വിൻസെൻ്റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ജസീസ ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡിൽ നിന്ന് നിക്ഷേപം സ്വീകരിച്ച പ്രെഡിബിൾ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ബുച്ച് കൈവശം വച്ചിരുന്നതായി ഖേര പറഞ്ഞു.

Madhabi Puri Buch: Source google

അന്വേഷണാത്മക മാധ്യമ സംഘടനയായ ഐ.സി.ഐ.ജെയിലൂടെ പുറത്തുവിട്ട ‘പാരഡൈസ് പേപ്പറുകളിൽ’ ഉൾപ്പെട്ട കമ്പനിയാണ് ഇതെന്നും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ, ആരോപണങ്ങളിൽ ബുച്ചോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.

2022 ഒക്ടോബർ 10ന് സെബിയിൽ മുഴുവൻ സമയ അംഗമായ അനന്ത് നാരായൺ ഗോപാൽകൃഷ്ണനും മുംബൈയിലെ തൻ്റെ സ്വത്ത് വാടകക്ക് നൽകിയതായി കോൺഗ്രസ് ആരോപിച്ചു. സെബി നിയന്ത്രിക്കുന്ന ഐ.എം.സി ഇന്ത്യ സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനം നിയന്ത്രിക്കുന്ന ഒരു സ്റ്റോക്ക് ബ്രോക്കർക്കാണ് വാടകയ്‌ക്ക് നൽകിയതെന്നും 64 .8 ലക്ഷം രൂപയ്ക്കാണ് വാടകക്ക് നൽകിയതെന്നും ഖേര കൂട്ടിച്ചേർത്തു.

സെബിയിൽ മുഴുവൻ സമയ അംഗമായതിന് ശേഷവും ബുച്ചിന് അദാനി സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ബുച്ചിനെതിരെയും അദാനി ഗ്രൂപിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നിട്ടും അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകിയതിനും അവർക്കെതിരെ നടപടിയെടുക്കാത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ചോദ്യങ്ങൾ ഉയർന്നിരുന്നു.

കുത്തക ബച്ചാവോ സിൻഡിക്കേറ്റിന്റെ പ്രധാന കണ്ണികൾ അദാനിയും മോദിയും ബി.ജെ.പിയും സെബി തലപ്പത്ത് മോദി നിയമിച്ചവരുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘ഈ സിൻഡിക്കേറ്റിൻ്റെ കാതൽ അദാനിയും പ്രധാന നിയന്ത്രണ സ്ഥാപനങ്ങളും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. കുത്തക ബച്ചാവോ സിൻഡിക്കേറ്റ്, വിമാനത്താവളങ്ങളിലെ കുത്തക, തുറമുഖങ്ങളിലെ കുത്തക, സിമൻ്റിലെ കുത്തക, അധികാരത്തിൽ കുത്തക, പ്രതിരോധത്തിലും കുത്തക, അദാനി ഏത് മേഖലയാണ് ആഗ്രഹിക്കുന്നത്, ആ മേഖലയിൽ കുത്തകയുണ്ടാക്കാൻ മോദി സഹായിക്കുന്നു,’ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

താൻ നിയമിച്ച മേധാവിയുടെ കീഴിൽ സെബിക്ക് ഉണ്ടായിരിക്കുന്ന പേരുദോഷം മറയ്ക്കാൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ വർഷങ്ങളായി ഉണ്ടാക്കിയെടുത്ത സൽപ്പേര് ഇല്ലാതായിരിക്കുന്നു. മാത്രമല്ല അവരുടെ പ്രവർത്തികൾ വഴി കോടിക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരുടെ സമ്പാദ്യം അപകടത്തിലായി. നിങ്ങളുടെ പ്രിയ സുഹൃത്ത് അദാനിക്ക് വേണ്ടി നിങ്ങൾ കുത്തകയുണ്ടാക്കി സാധാരണ ജനങ്ങളെ ദുരിതത്തിലാക്കി,’ രാഹുൽ ഗാന്ധി പറഞ്ഞു.

ഒപ്പം ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് പുറത്തിറക്കുന്ന ആയുധങ്ങളെല്ലാം ഇസ്രഈലി കമ്പനിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Monopoly Bachao Syndicate: Rahul Gandhi alleges ‘nexus’ among Adani Group, key regulatory bodies, BJP

We use cookies to give you the best possible experience. Learn more