തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി ഉടന്‍
Kerala
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2013, 9:26 am

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന മോണോറെയില്‍ പദ്ധതിക്ക് ഈ മാസം അവസാനം അന്തിമകരാറാകും.[]

ഇന്നലെ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മോണോ റെയില്‍ കരാറിന്റെ കരട് അംഗീകരിച്ചു.

ഡി.എം.ആര്‍.സി തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ച് കോഴിക്കോട് മോണോറെയിലിന് 1991 കോടിരൂപയും തിരുവനന്തപുരം മോണോറെയിലിന് 3590 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, മോണോറെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഹരികേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബാംഗ്ലൂര്‍, ചെന്നൈ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ മോണോറെയില്‍ നടപ്പാക്കിയതിന്റെ മാതൃകയിലുള്ള കരാറിനാണ് തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ നിര്‍മാണത്തിനും രൂപം നല്‍കിയിരിക്കുന്നത്.

ഈ കരട് കരാര്‍ ഇനി ധനം, നിയമം എന്നീ വകുപ്പുകളുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് ഡി.എം.ആര്‍.സി.ക്ക് കരാറിന്റെ പകര്‍പ്പുനല്‍കും. തുടര്‍ന്ന് ഈ മാസം ഒടുവില്‍ ഡി.എം.ആര്‍.സി.യുമായി അന്തിമകരാര്‍ ഒപ്പുവയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.