തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ നിര്‍മാണം ഒരേ സമയം: ശ്രീധരന്‍
Kerala
തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ നിര്‍മാണം ഒരേ സമയം: ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2013, 12:07 am

[]തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയിലിന്റെ നിര്‍മാണം ഒരേസമയം നടത്തുമെന്ന് ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍.

ആറ് മാസത്തിനകം പ്രവൃത്തികളുടെ കരാര്‍ ഒപ്പിടാനാകുമെന്നും ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും ജനറല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തശേഷം അദ്ദേഹം പറഞ്ഞു. []

മൂന്നു വര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥലമേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയായാല്‍ രണ്ട് വര്‍ഷംകൊണ്ട് അടുത്ത ഘട്ടവും പൂര്‍ത്തിയാക്കാന്‍ കഴിയും.

പദ്ധതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. സിഗ്നലിംഗ് സിസ്റ്റവും, കോച്ചും, റോളിംഗ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടും. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും.

കോച്ചുകള്‍ ഓടിക്കുന്നതിന് മാഗ്‌നറ്റിക് സിസ്റ്റമാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇതിനു സാങ്കേതികമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയുന്നു.

മാത്രവുമല്ല ചെലവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് റോളിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രൊയുടെ നിരക്ക് ഈടാക്കി സര്‍വീസ് നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ നിരക്കുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരാകും എടുക്കുക.

ടെന്‍ഡര്‍ നടപടികള്‍ രണ്ട് ഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. ഡി.എം.ആര്‍.സിയുടെ സഹായത്തോടെ യോഗ്യരായവരെ കണ്ടെത്തി ഫിനാന്‍ഷല്‍ ബിഡ് ക്ഷണിക്കും. ഗ്ലോബല്‍ ടെന്‍ഡര്‍ രീതിയായിരിക്കും ഇതിനു സ്വീകരിക്കുകയെന്നും ശ്രീധരന്‍ പറയുന്നു.