| Monday, 1st August 2022, 3:15 pm

തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ് തന്നെ; രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥീരീകണവുമായി ആരോഗ്യ വകുപ്പ്. പൂണെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൂണെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്.
തൃശൂര്‍ പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്.

കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്.ചെറിയ ലക്ഷണങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി.

പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.

യു.എ.ഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

നിലവില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കി പോക്സ് പിടിപെട്ടിട്ടുണ്ട്.

രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും.

Content Highlight: Monkeypox confirmed for thrissur native who died

We use cookies to give you the best possible experience. Learn more