കേരളത്തിലും മങ്കിപോക്‌സ്; വിദേശത്ത് നിന്ന് വന്നയാള്‍ക്ക് രോഗം; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്
Kerala News
കേരളത്തിലും മങ്കിപോക്‌സ്; വിദേശത്ത് നിന്ന് വന്നയാള്‍ക്ക് രോഗം; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 8:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യു.എ.ഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും എത്തിയത് മുന്‍കരുതലുകള്‍ സ്വീകരിച്ചണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും, രോഗി കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്‌സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.

രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെനിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളജില്‍നിന്നാണ് മങ്കിപോക്സാണെന്ന് സംശയിച്ച് സാംപിളെടുത്ത് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

വളരെ അടുത്ത കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്‌സ് രോഗം പകര്‍ന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ കാണണം. ശരീര സ്രവങ്ങളിലൂടെയാണ് പകരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.