മങ്ങിമങ്ങി തെളിയുന്ന മങ്കിപെന്‍
D-Review
മങ്ങിമങ്ങി തെളിയുന്ന മങ്കിപെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2013, 5:22 pm

ഗംഭീരം, കിടിലന്‍, തകര്‍പ്പന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ആദ്യ ദിവസങ്ങളില്‍തന്നെ കേട്ടുകൊണ്ടാണ് “ഫിലിപ്‌സ് ആന്റ് മങ്കിപെന്‍” കാണാന്‍ കയറിയത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ തീര്‍ച്ചയായും നവാഗതരായ റോജിന്‍ ഫിലിപ്പിനോടും ഷനില്‍ മുഹമ്മദിനോടും ഒത്തിരി ഇഷ്ടമൊക്കെ തോന്നി.


line

മാറ്റിനി / കെ.കെ രാഗിണി line

three-star

 

സിനിമ: ഫിലിപ്‌സ് ആന്റ് മങ്കി പെന്‍
സംവിധാനം: റോജിന്‍ ഫിലിപ്, ഷനില്‍ മുഹമ്മദ്
തിരക്കഥ: റോജിന്‍ ഫിലിപ്
നിര്‍മാണം : സാന്ദ്ര തോമസ്, വിജയ് ബാബു
സംഗീതം: രാഹുല്‍ സുബ്രഹ്മണ്യം
ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ
അഭിനേതാക്കള്‍: മാസ്റ്റര്‍ സനൂപ്, രമ്യ നമ്പീശന്‍, ജയസൂര്യ, ജോയ് മാത്യു, വിജയ് ബാബു

 []ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമ റിലീസായ 1991 യുക്തിവാദം ശക്തമായിരുന്ന കാലമായിരുന്നതിനാലാവണം ആ സിനിമ ബോക്‌സ് ഓഫീസില്‍ അത്ര വലിയൊരു വിജയമൊന്നുമാകാതെ പോയത്.

കരുത്തക്കേട് കാണിച്ചതിന് സ്വര്‍ഗലോകത്ത്‌നിന്ന് പുറത്താക്കപ്പെട്ട ഗന്ധര്‍വന്‍ മണ്ണില്‍ വഴിതെറ്റി വന്നത് അത്ര യുക്തിഭദ്രമല്ലാത്ത കഥയായതിനാലാവും കലാപരമായി മികവുറ്റ ചിത്രമായിരുന്നിട്ടും അങ്ങോട്ട് ഏല്‍ക്കാതെ പോയത്.

ഒരു ഗന്ധര്‍വനെ പോലെ അതേ വഴിയില്‍ മരണമടഞ്ഞ് പത്മരാജന്‍ മടങ്ങിപ്പോയതിന് കാരണവും പടം വമ്പന്‍ ഹിറ്റാവാതിരുന്നതിന്റെ മനോവേദന ആണെന്ന് പറഞ്ഞുകേട്ടിരുന്നു.

എന്തായാലും ജോസഫ് ഇടമറുക് മരിക്കുകയും ഇന്നസെന്റിനെ ഏത് കൊച്ചുപിള്ളേരുടെ മുന്നില്‍ പോലും ദൈവമായി അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്ന ഈ ന്യൂ ജനറേഷന്‍ കാലത്തായിരുന്നു ഗന്ധര്‍വന്‍ വന്നിരുന്നതെങ്കില്‍ ചിത്രം ഒരു വമ്പന്‍ ഹിറ്റായി തിയറ്ററുകള്‍ തകര്‍ത്തേനെ എന്നുറപ്പാണ്.

ഹോം വര്‍ക്ക് ചെയ്തു കൊടുക്കുകയും കണക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന “മങ്കിപെന്‍” കണ്ടുകൊണ്ടിരുന്നപ്പോള്‍ ഗന്ധര്‍വപരാജയത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാലംതെറ്റി കാലത്തിന് മുമ്പേ വന്നുപോയ ആ ഗന്ധര്‍വന്, പത്മരാജനെ മനസ്സില്‍ സ്മരിക്കുന്നു.

ഗംഭീരം, കിടിലന്‍, തകര്‍പ്പന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ആദ്യ ദിവസങ്ങളില്‍തന്നെ കേട്ടുകൊണ്ടാണ് “ഫിലിപ്‌സ് ആന്റ് മങ്കിപെന്‍” കാണാന്‍ കയറിയത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ തീര്‍ച്ചയായും നവാഗതരായ റോജിന്‍ ഫിലിപ്പിനോടും ഷനില്‍ മുഹമ്മദിനോടും ഒത്തിരി ഇഷ്ടമൊക്കെ തോന്നി.

പക്ഷേ, അവര്‍ തന്നെ കുത്തിയിരുന്നുണ്ടാക്കിയ തിരക്കഥയിലെ അടുക്കും ചിട്ടയുമില്ലായ്മയും വലിച്ചുനീട്ടലും നല്ലതാകുമായിരുന്ന ഒരു സിനിമയെ അത്യാവശ്യം കുളമാക്കുകയും ചെയ്തിരിക്കുന്നു.

റോബര്‍ട്ട് ബ്രിസ്‌റ്റോയെ അറിയുമോ…?

monkey-pen-21920ല്‍ കൊച്ചിയില്‍ വന്നിറങ്ങിയ ബ്രിട്ടീഷുകാരനായ ഹാര്‍ബര്‍ എഞ്ചിനീയറാണ് റോബര്‍ട്ട് ബ്രിസ്‌റ്റോ. മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിങ്ടണിന്റെ നിര്‍ദേശപ്രകാരം കൊച്ചി തുറമുഖത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കാനാണ് മൂപ്പര്‍ വന്നത്. വേമ്പനാട്ടു കായലിലെ വെള്ളപ്പൊക്കത്തില്‍നിന്ന് കൊച്ചി തുറമുഖത്തെ രക്ഷിക്കാന്‍ എന്തുണ്ട് വഴി എന്ന് തലപുകഞ്ഞ് നടന്നിട്ടും അയാള്‍ക്ക് ഉത്തരം കിട്ടിയില്ല.

അങ്ങനെയിരിക്കെ അയാള്‍ക്ക് ഒരു സമ്മാനം കിട്ടി. കുരങ്ങന്മാരെ ഏറെ ഇഷ്ടമുള്ള, അതുകൊണ്ട് തന്നെ കുരങ്ങിനോട് സാമ്യമായ മുഖമുള്ള മൂര്‍ത്തിയെ ഭൃത്യനായി വെച്ചിരിക്കുന്ന ബ്രിസ്‌റ്റോയ്ക്ക് കിട്ടിയത് ഒരു പേനയായിരുന്നു. കുരങ്ങിനെപോലെ ഇരിക്കുന്ന പേന. മങ്കിപെന്‍.

ഏത് പ്രതിസന്ധിയും ആ പേന പരിഹരിച്ചുതരും എന്നാണ് അയച്ചുകൊടുത്തയാള്‍ പറഞ്ഞത്. മഷി നിറച്ച് ബ്രിസ്‌റ്റോ ആവുന്നത്ര ശ്രമിച്ചിട്ടും വെള്ളപ്പൊക്കത്തെ ചെറുക്കാന്‍ കഴിയുന്ന ഒരു പ്‌ളാന്‍ ആ പേനയില്‍നിന്ന് പിറന്നില്ല. അടിച്ച് കോണ്‍ തെറ്റി ബ്രിസ്‌റ്റോ മേശയില്‍ തലവെച്ചു കിടന്നുറങ്ങിപ്പോയി. നേരം വെളുത്തപ്പോള്‍ ബ്രിസ്‌റ്റോയുടെ മുന്നില്‍ അടിപൊളി ഒരു പ്‌ളാന്‍. കായലില്‍ കൊച്ചു കൊച്ചു തുരുത്തുകള്‍ ഉണ്ടാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന വെളിപാടുണര്‍ത്തിയത് മങ്കിപെന്‍ ആയിരുന്നുവത്രെ.

അങ്ങനെ കായല്‍ ഡ്രഡ്ജ് ചെയ്ത മണ്ണും ചെളിയും കൊണ്ട് ബ്രിസ്‌റ്റോ തുരുത്തുകളുടെ ഒരു നിരതന്നെയുണ്ടാക്കി. അതിലൊന്നാണ് ഇന്നത്തെ ദക്ഷിണ നാവിക സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയിലെ വെല്ലിങ്്ടണ്‍ ഐലന്റ്.

ആ ബ്രിസ്‌റ്റോ സായിപ്പിന് തുണയായ മങ്കിപേനയാണ് ഇപ്പോള്‍ റയാന്‍ ഫിലിപ്പ് എന്ന എട്ടു വയസ്സുകാരന്റെ കണക്കിലെ പ്രശ്‌നങ്ങള്‍ സുന്ദരമായി പരിഹരിച്ചു കൊടുക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമക്കാര്‍ കുറേക്കാലമായി നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് കുട്ടികളുടെ നാടകം. കുട്ടികളുടെ വായില്‍ വലിയ വലിയ വര്‍ത്തമാനങ്ങള്‍ തിരുകിവെച്ച് കുട്ടി നാടകമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളായിരുന്നു അത്.


monkey-pen3കണക്കിലെ കളികള്‍

ക്രിസ്ത്യന്‍ പിതാവിനും (ജയസൂര്യയുടെ റോയി ഫിലിപ്) മുസ്‌ലിം ഉമ്മച്ചിക്കും (രമ്യാനമ്പീശന്റെ സമീറ) പിറന്ന കുട്ടിയാണ് കണക്ക് വിഷയത്തിന് പരാജയമായ റയാന്‍ ഫിലിപ് എന്ന വികൃതി.

റോയിയുടെ പിതാവ് റിച്ചാര്‍ഡ് ഫിലിപ് (ജോയ് മാത്യു) എന്ന കപ്പിത്താന്‍ അറിയാതെയാണ് റോയി സമീറയെ വിവാഹം കഴിച്ചതും റയാന്‍ എന്ന കുട്ടി ഉണ്ടായതും അഞ്ചാം ക്‌ളാസ്വരെ എത്തിയതും. ഇത്രയും കാലം പിതാവ് സംഭവം അറിയാതെ പോയതിന്റെ യുക്തിയില്ലായ്മയോ എട്ട് വയസ്സുകാരന്‍ അഞ്ചാം ക്‌ളാസില്‍ പഠിക്കുന്നതിന്റെയോ അനൗചിത്യത്തെ ചോദ്യം ചെയ്യരുത്.

കാരണം, ദൈവത്തെ ഇന്നസെന്റിന്റെ രൂപത്തില്‍ നേരില്‍ കാണുന്ന കക്ഷിയാണ് റയാന്‍ ഫിലിപ്. മാത്രമല്ല ഇടമറുക് മരിച്ചും പോയി. അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും ഫിലിപ് എം. പ്രസാദിനെപോലുള്ള അതി തീവ്രവാദികള്‍ വരെയും സായിബാബ ഭക്തന്മാര്‍ വരെ ആയ കാലത്താണ് നമ്മള്‍ ന്യൂ ജനറേഷന്‍ സിനിമയുടെ കാണികളായി ഇരുന്നുകൊടുക്കുന്നത്.

കണക്കിന് കണക്കായ, എന്തിനും ഏതിനും കൂട്ടായി വികൃതിത്തരത്തിന്റെ കൈയും കാലുമായ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കൂടിയുള്ള റയാന്‍, പുരാവസ്തു പ്രേമിയായ മുത്തച്ഛന്‍ റിച്ചാര്‍ഡ് ഫിലിപിനെ കാണുമ്പോഴാണ് അദ്ദേഹം അമൂല്യ നിധിയായി കാത്തുവെച്ചിരുന്ന മങ്കിപെന്‍ റയാന് കിട്ടുന്നത്. അതോടെ റയാന്റെ പ്രശ്‌നങ്ങള്‍ തീരുന്നു. സ്‌കൂളിലെ നല്ല കുട്ടിയായി മാറുന്നു. അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയുമായി തീരുന്നു.

കുട്ടികളുടെ പേരില്‍ മൂത്ത കളി

monkey-pen4തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമക്കാര്‍ കുറേക്കാലമായി നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് കുട്ടികളുടെ നാടകം. കുട്ടികളുടെ വായില്‍ വലിയ വലിയ വര്‍ത്തമാനങ്ങള്‍ തിരുകിവെച്ച് കുട്ടി നാടകമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളായിരുന്നു അത്.

അതുപോലെ വരില്ലെങ്കിലും ഈ സിനിമ കുട്ടികളുടെ പേരില്‍ അവരുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. ഈ സിനിമ കാണുന്നതിന് മുമ്പ് “താരേ സമീന്‍പര്‍” എന്ന ആമിര്‍ഖാന്‍ ചിത്രം (സത്യത്തില്‍ അത് ഒരു അമോല്‍ ഗുപ്ത സിനിമയാണ്) കണ്ടിട്ടുള്ളവരെ നിരാശപ്പെടുത്താതിരിക്കില്ല.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന അവരെ ഒന്നുപോലെ പിടിച്ചിരുത്തുന്ന ആ സിനിമയുടെ വ്യാകരണത്തിലേക്ക് ഈ ചിത്രം ഉയരാതെ പോയത് അടുക്കും ചിട്ടയുമില്ലാത്ത ആത്മാവില്ലാത്ത തിരക്കഥയുടെ കുഴപ്പം ഒന്നുകൊണ്ട് മാത്രമാണ്.

മലയാള സിനിമയിലെ പരമ്പരാഗതമായ ഫോര്‍മുലകളെ വെട്ടിത്തിരുത്തിക്കൊണ്ടാണ് ന്യൂജനറേഷന്‍ സിനിമകള്‍ കടന്നുവന്നത്. എന്നാല്‍, visual treatment ന്യു ജനറേഷന്‍ ഒരു ഫോര്‍മുലയായി ഉരുത്തിരിഞ്ഞുവരുന്ന അപകടം ഈ സിനിമ ബോധ്യപ്പെടുത്തുന്നു. ജീവനുള്ള കഥകള്‍ കൊണ്ട് ഞെട്ടല്‍ തീര്‍ത്തുകൊണ്ടായിരുന്നു പത്മരാജനും ഐ.വി. ശശിയും ഭരതനുമൊക്കെ അവരുടെ കാലത്തെ ന്യൂജനറേഷന്‍ സിനിമക്കാരായത്.

പക്ഷേ, നമ്മുടെ ന്യൂജനറേഷന്‍കാര്‍ കഥയുടെ ആത്മാവിലേക്ക് അതിനിശിതമായി കടക്കുന്നതിന് പകരം ദൃശ്യപരിചരണത്തിന്റെ ചട്ടക്കൂട് സ്വയം കണ്ടെത്തി അതിനുള്ളില്‍ പ്യൂപ്പയായി സുരക്ഷിതപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നാലും പതിവ് തെറിവിളികളില്‍നിന്നും അമേദ്യം ഏറില്‍നിന്നും ഈ ചിത്രത്തെ മാറ്റിനിര്‍ത്താം. എന്നിട്ടും പ്രായമായ മുത്തച്ഛനെ “പോടാ പരട്ട കെളവാ…” എന്ന് റയാനെക്കൊണ്ട് വിളിച്ച് ആ പേരുദോഷം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


രണ്ട് മണിക്കൂര്‍ കണ്ടിരിക്കാന്‍ സുഖമുള്ള അനുഭവമാക്കി ഈ സിനിമയെ മാറ്റിയതിന്റെ ക്രഡിറ്റ് സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ അല്ല. പഴയ ‘കാഴ്ച’ ഫെയിം സനുഷയുടെ അനിയന്‍ മാസ്റ്റര്‍ സനൂപിനും ക്യാമറാമാന്‍ നീല്‍ ഡി കുഞ്ഞയ്ക്കുമാണ്. രണ്ടുപേരും അസാമാന്യ മികവ് കാഴ്ചവെച്ചിരിക്കുന്നു.


monkey-pen-5

കണ്ടിരിക്കാന്‍ സുഖം

രണ്ട് മണിക്കൂര്‍ കണ്ടിരിക്കാന്‍ സുഖമുള്ള അനുഭവമാക്കി ഈ സിനിമയെ മാറ്റിയതിന്റെ ക്രഡിറ്റ് സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ അല്ല. പഴയ “കാഴ്ച” ഫെയിം സനുഷയുടെ അനിയന്‍ മാസ്റ്റര്‍ സനൂപിനും ക്യാമറാമാന്‍ നീല്‍ ഡി കുഞ്ഞയ്ക്കുമാണ്. രണ്ടുപേരും അസാമാന്യ മികവ് കാഴ്ചവെച്ചിരിക്കുന്നു. ബാലതാരങ്ങള്‍ ഭാവി താരങ്ങളായി പരാജയപ്പെട്ട ചരിത്രം ആവര്‍ത്തിക്കില്ലെങ്കില്‍ സനൂപില്‍നിന്ന് അതിശയങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.

“നീ കൊ ഞാ ചാ”, “പൊട്ടാസ് ബോംബ്” എന്നീ സിനിമകളില്‍ മിഴിവോടെ നിന്നത് നീല്‍ ഡി കുഞ്ഞയുടെ മനോഹരമായ ക്യാമറയാണ്. ആദ്യ സിനിമകളില്‍നിന്ന് ഒത്തിരി മുന്നേറി നീല്‍ ഈ സിനിമയില്‍ താന്‍ ഒരു സംഭവമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.

ജയസൂര്യ “ഡി കമ്പനി”യില്‍ കുടഞ്ഞെറിയാന്‍ ശ്രമിച്ച ആ പഴയ മന്ദബുദ്ധിഭാവം ഈ സിനിമയില്‍ തിരികെ വന്നിരിക്കുന്നു എന്ന് പറയാതെ വയ്യ. “ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍” ആദ്യ സിനിമ ആയതിന്റെ തിക്തഫലം ആണ് ഇപ്പോഴും ജയസൂര്യ പേറുന്നത്.

jayasuryaചാനലില്‍ കുക്കറി ഷോ അവതരിപ്പിക്കുന്ന സമീറ എന്ന മലബാറി പെണ്ണിന്റെ വേഷത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല രമ്യാ നമ്പീശന്. മലയാള സിനിമയില്‍ പ്രാദേശിക ഭാഷാ ഭേദങ്ങള്‍ സിനിമയില്‍ തന്മയത്വമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒറ്റ നടിയുമില്ലെന്ന് രമ്യാനമ്പീശനും തെളിയിക്കുന്നു. കഴിഞ്ഞ ഊഴത്തില്‍ സക്കറിയായുടെ ഗര്‍ഭിണികളില്‍ ഈ പേറ്റുനോവ് അനുഭവിച്ചത് റീമാ കല്ലിങ്കലായിരുന്നു.

സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍കൂടിയായ വിജയ് ബാബുവിന്റെ പപ്പന്‍ എന്ന അധ്യാപകന്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ്. പക്ഷേ, ഒറ്റ നോട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ധാര്‍ഷ്ട്യഭാവം ബോധപൂര്‍വം എടുത്തണിഞ്ഞതാണോ എന്ന സംശയമുണ്ടാക്കുന്നുണ്ട്.

ജോയ് മാത്യവും മകനും ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. “അമ്മ അറിയാന്‍” എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ ബ്‌ളാക്ക് ആന്റ് വൈറ്റ് നായകനില്‍നിന്ന് ന്യു ജനറേഷന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ജോയ് മാത്യവിന് കഴിഞ്ഞതാണ് സമീപകാലത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിസ്മയം…

കട്ട്… കട്ട്… കട്ട്…

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ട് 2014ല്‍ 30 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്നും മനസ്സില്‍ ഒരു നോവായി ഈ സിനിമ കിടക്കുന്നുണ്ട് എന്ന് സിനിമ തിയറ്ററില്‍ പോയി കണ്ട പലരും ഇപ്പോഴും പറയുന്നുണ്ട്.

ഈയുള്ളവള്‍ അടുത്തിടെ വി.സി.ഡിയിലാണ് ഈ സിനിമ കണ്ടത്. ത്രിമാന ഭംഗികളില്ലാതിരുന്നിട്ടും ആ സിനിമ വല്ലാത്ത നോവായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉലച്ചുകളഞ്ഞു.

ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com