Entertainment news
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ബാലു വര്‍ഗീസുമെല്ലാം ഒപ്പം ചേര്‍ന്നു ; കോച്ചിങ് സെന്ററിനെക്കുറിച്ച് മോണിക്ക ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 12, 12:31 pm
Thursday, 12th August 2021, 6:01 pm

സ്വന്തമായി കിക്ക് ബോക്‌സിങ് സെന്റര്‍ തുടങ്ങിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ലാലിന്റെ മകള്‍ മോണിക്ക ലാല്‍. സെന്റര്‍ തുടങ്ങിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നുവെന്നും മോണിക്ക പറയുന്നു.

തടി കുറക്കുന്നതിന് വേണ്ടിയാണ് കിക്ക് ബോക്‌സിങ് തുടങ്ങിയതെങ്കിലും പിന്നീടത് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നുവെന്നും അങ്ങനെയാണ് എറണാകുളം പാടിവട്ടത്ത് പുതിയ സെന്റര്‍ തുടങ്ങിയതെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക പറഞ്ഞു.

‘ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് പുതിയ സെന്റര്‍ തുടങ്ങുന്ന ആലോചന വരുന്നത്. അങ്ങനെ ഞാനും സംരഭകയായി. അതിലൂടെയാണ് കിക്ക് ബോക്‌സിങ് ട്രെയിനര്‍ ആയി മാറുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി സെന്റര്‍ തുടങ്ങിയിട്ട്. കിക്ക് ബോക്‌സിങ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം മടിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

എന്നാല്‍ ഒരു പ്രാവശ്യമെങ്കിലും ശ്രമിച്ചു നോക്കിയാല്‍ നിര്‍ത്താന്‍ തോന്നില്ല എന്നതാണ് സത്യം. ആസിഫ് അലി, അപര്‍ണ ബാലമുരളി, അരുണ്‍ കുര്യന്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുകയായിരുന്നു. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫില്‍ ചേട്ടന്‍ വീട്ടില്‍ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു,’ മോണിക്ക പറഞ്ഞു.

തന്റെ വണ്ണം വലിയൊരു പ്രശ്‌നമായി തനിക്ക് തോന്നിയിരുന്നില്ലെന്നും സ്വന്തം വണ്ണത്തെക്കുറിച്ച് പ്രശ്‌നമൊന്നും തോന്നാത്ത ആളാണ് അപ്പനായ ലാലെന്നും അഭിമുഖത്തില്‍ മോണിക്ക പറയുന്നുണ്ട്.

മോണിക്ക, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ലാലിന്റെയും നാന്‍സിയുടെയും മക്കള്‍. മകനായ ജീന്‍ പോള്‍ ലാല്‍ സിനിമാ സംവിധായകനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Monica Lal says about her new coaching center