|

10ന് ഓള്‍ ഔട്ട്, വെറും അഞ്ച് പന്തില്‍ ജയിച്ചത് ടി-20 മാച്ച്! ഇങ്ങനെയും ചില അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മത്സരത്തിനാണ് മലേഷ്യയിലെ യു.കെ.എം-വൈ.എസ്.ഡി ഓവല്‍ സാക്ഷ്യം വഹിച്ചത്. ടി-20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലിന്റെ റെക്കോഡാണ് ഈ ഗ്രൗണ്ടില്‍ പിറന്നത്. വ്യാഴാഴ്ച നടന്ന മംഗോളിയ – സിംഗപ്പൂര്‍ ഐ.സി.സി ടി-20 ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തിലാണ് മംഗോളിയയെ തേടി ഈ മോശം റെക്കോഡെത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ പത്ത് റണ്‍സിന് ഓള്‍ ഔട്ടായി. പത്ത് ഓവര്‍ ക്രീസില്‍ നിന്നതിന് ശേഷമാണ് ഇവര്‍ പത്തിന് പുറത്തായത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

ടി-20 ചരിത്രത്തില്‍ അത്യപൂര്‍വമായി കാണുന്ന സ്‌ട്രൈക്ക് റേറ്റുകളും മംഗോളിയന്‍ ഇന്നിങ്‌സിന്റെ ഭാഗമായിരുന്നു. അഞ്ച് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നാല് പേര്‍ ഒരു റണ്ണിനും മടങ്ങി.

നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ഗന്‍ഡെംബെറല്‍ ഗാന്‍ബോള്‍ഡാണ് മംഗോളിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. 13 പന്ത് നേരിട്ട് പുറത്താകാതെ രണ്ട് റണ്‍സ് നേടിയ സോവ്ജാക്ലാന്‍ ഷെറോന്‍സെസെഗാണ് മറ്റൊരു റണ്‍ ഗെറ്റര്‍. ശേഷിക്കുന്ന രണ്ട് റണ്‍സ് എക്‌സ്ട്രാസിലൂടെയാണ് പിറന്നത്.

സിംഗപ്പൂരിനായി ഹര്‍ഷ ഭരദ്വാജ് ആറ് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മെയ്ഡന്‍ അടക്കം നാല് ഓവര്‍ പന്തെറിഞ്ഞ് വെറും മൂന്ന് റണ്‍സ് വഴങ്ങിയാണ് ഭരദ്വാജ് ആറ് വിക്കറ്റ് നേടിയത്.

ഭരദ്വാജിന് പുറമെ അക്ഷയ് പുരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ രമേഷ് കാളിമുത്തു, രാഹുല്‍ ശേഷാദ്രി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംഗപ്പൂരിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മന്‍പ്രീത് സിങ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. എന്നാല്‍ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ സിംഗപ്പൂര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി റൗള്‍ ശര്‍മയും രണ്ട് പന്തില്‍ ആറ് റണ്‍സുമായി വില്‍ സിംസണും പുറത്താകാതെ നിന്നു.

ടി-20 ചരിത്രത്തിലെ ഏറ്റവും മോശം ടോട്ടലെന്ന നേട്ടവും ഈ മത്സരത്തിന് പിന്നാലെ മംഗോളിയ സ്വന്തമാക്കി. ആ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മൂന്നിനും അവകാശികള്‍ മംഗോളിയ ആണെന്നതാണ് നിരാശകരമായ മറ്റൊരു കാര്യം.

അന്താരാഷ്ട്ര ടി-20 ചരിത്രത്തിലെ ഏറ്റവും മോശം ടോട്ടല്‍

(ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

മംഗോളിയ – സിംഗപ്പൂര്‍ – 10 – 2024*

ഐല്‍ ഓഫ് മാന്‍ – സ്‌പെയ്ന്‍ – 10 – 2023

മംഗോളിയ – ജപ്പാന്‍ – 12 – 2024

മംഗോളിയ – ഹോങ് കോങ് – 17 – 2024

ടര്‍ക്കി – ചെക് റിപ്പബ്ലിക് – 21 – 2019

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇതുവരെ കളിച്ച ഒറ്റ മത്സരത്തില്‍ പോലും ജയിക്കാന്‍ മംഗോളിയക്ക് സാധിച്ചില്ല. നാല് മത്സരത്തില്‍ നിന്നും ഒറ്റ പോയിന്റ് പോലുമില്ലാതെയാണ് മംഗോളിയ അവസാന സ്ഥാനത്ത് തുടരുന്നത്.

നാലില്‍ നാലും ജയിച്ച ഹോങ് കോങ്ങാണ് ഒന്നാമത്. നാല് മത്സരത്തില്‍ നാലിലും ജയിച്ച കുവൈത്ത് രണ്ടാമതാണ്.

വെള്ളിയാഴ്ചയാണ് മംഗോളിയയുടെ അടുത്ത മത്സരം. ബയുമാസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മാല്‍ദീവ്‌സാണ് എതിരാളികള്‍.

Content highlight: Mongolia vs Singapore: Mongolia created the unwanted record of lowest innings totals in T20Is

Latest Stories