| Monday, 18th March 2024, 2:40 pm

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം ആവശ്യമാണ്, ഇലക്ടറൽ ബോണ്ട്‌ റദ്ദാക്കിയാൽ കള്ളപ്പണം ഒഴുകും: നിതിൻ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇലക്ടറൽ ബോണ്ട്‌ റദ്ദാക്കിയാൽ കള്ളപ്പണം ഒഴുകുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബോണ്ടുകൾ ആവശ്യമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടികൾക്ക് ബോണ്ടുകൾ വഴി പണം ലഭിക്കുമെന്ന ആശയത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നത്. അതുവഴി സമ്പദ്ഘടനയെ ഒന്നാമതെത്തിക്കാനും സഹായകമാകും,’ ഗഡ്കരി പറഞ്ഞു.

അതേസമയം ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടിയിൽ പ്രതികരിക്കുവാൻ ഗഡ്കരി വിസമ്മതിച്ചു. എന്നാൽ പദ്ധതി റദ്ദാക്കുന്നതുകൊണ്ടുള്ള പോരായ്മകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

‘ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയാലും പണം വരും. പക്ഷേ അത് കള്ളപ്പണത്തിന്റെ രൂപത്തിലായിരിക്കും. നിങ്ങൾ ഇലക്ടറൽ ബോണ്ടുകൾ അനുവദിച്ചില്ലെങ്കിൽ ആളുകൾ കള്ളപ്പണത്തിനൊപ്പം പോകും. എന്തായാലും ഇത് സംഭവിക്കും,’ അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ട്‌ വാങ്ങുന്നവർക്ക് വോട്ടും പണവും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ നയരൂപീകരണത്തിൽ കൈകടത്തൽ ഉണ്ടാകുമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലൂടെ ബോണ്ട്‌ ദാതാക്കൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ചെയ്തുകൊടുക്കുമെന്നും കോടതി പറഞ്ഞിരുന്നു.

എന്നാൽ ബോണ്ടുകൾ വാങ്ങുന്നത് സമ്പന്നരായിരിക്കുമെന്നും അവർ കോൺട്രാക്ടർമാരോ വ്യാപാരികളോ വ്യവസായികളോ ആകുമെന്നും അതുകൊണ്ട് പകരത്തിന് പകരം ചെയ്തുകൊടുക്കുമെന്ന വാദം ശരിയല്ലെന്നും ഗഡ്കരി പറഞ്ഞു.

ബോണ്ടുകളിലൂടെ ഭരണസംവിധാനത്തിലേക്ക് കള്ളപ്പണം എത്തുന്നതിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ തൊഴിലും വരുമാനവും സൃഷ്ടിക്കുകയും പണത്തെ എങ്ങനെ കള്ളപ്പണമെന്ന് വിളിക്കാൻ കഴിയുമെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.

ഇലക്ടറൽ ബോണ്ട്‌ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ 6060 കോടി രൂപ കൈപ്പറ്റിയ ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ പണം നേടിയ പാർട്ടി.

കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടികൾ തങ്ങൾ കൈപ്പറ്റിയ പണം സംബന്ധിച്ച് മുദ്രവെച്ച കവറിൽ സമർപ്പിച്ച വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം 6,986 കോടി രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്.

Content Highlight: ‘Money will still come in…,’ Gadkari on electoral bonds ban

We use cookies to give you the best possible experience. Learn more