| Wednesday, 11th January 2023, 8:08 am

നിയന്ത്രണമില്ലാതെ പണം ചിലവിട്ടു; പി.എസ്.ജിക്ക് 88 കോടി രൂപ പിഴ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ക്ലബ്ബ് ഫുട്ബോളിലെ വമ്പൻമാരാണ് പി.എസ്.ജി. സ്‌ക്വാഡ് ഡെപ്ത്ത് കൊണ്ടും കയ്യിലുള്ള സമ്പത്ത് കൊണ്ടും യൂറോപ്പിലെ ഏത് വമ്പൻ ക്ലബ്ബിനോടും കിടപിടിക്കാനുള്ള ശേഷി പി.എസ്.ജിക്കുണ്ട്. കൂടാതെ അതി സമ്പന്നരായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് പി.എസ്.ജിയുടെ ഉടമസ്ഥർ.

എന്നാലിപ്പോൾ പരിധിയിൽ കവിഞ്ഞ് പണം ചിലവിട്ടതിന് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ ഏകദേശം 88 കോടി ഇന്ത്യൻ രൂപക്കടുത്ത് പി.എസ്.ജിക്ക് പിഴയിട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

യുവേഫയുടെ നിയമ പ്രകാരം ഓരോ ലീഗിലും ഓരോ ക്ലബ്ബുകളും അവർ കളിക്കുന്ന ഡിവിഷൻ അനുസരിച്ച് ഒരു നിശ്ചിത തുക മാത്രമേ ചിലവഴിക്കാൻ പാടുള്ളൂ. ആ തുകയ്ക്ക് മുകളിൽ ഒരു ക്ലബ്ബ് ചിലവഴിച്ചാൽ യുവേഫക്ക് ആ ക്ലബ്ബിന് പിഴയിടാം. ഈ നിയമം അനുസരിച്ചാണ് പി. എസ്.ജിക്ക് 10 മില്യൺ യൂറോ (88 കോടിയോളം രൂപ) പിഴ ചുമത്തപ്പെട്ടത്.

കഴിഞ്ഞ വർഷം ഏകദേശം ആറായിരത്തി മുന്നൂറ്റി തോണ്ണൂറ്റിയഞ്ച് കോടിയോളം രൂപയാണ് പി.എസ്.ജി അവരുടെ കളിക്കാർക്ക് പ്രതിഫലവും മറ്റു ആനുകൂല്യങ്ങളും നൽകാനായി ചിലവഴിച്ചത്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ തുക പ്രതിഫലകണക്കിൽ ചിലവഴിച്ച ബാഴ്സലോണയുടെ റെക്കോഡിനെക്കാൾ ഏകദേശം 45ഇരട്ടി അധികമാണ് ഈ തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സംഭവത്തിൽ മുണ്ടോ ഡിപാർട്ടീവോ അധ്യക്ഷനായ കമ്മിറ്റിയാണ് വിഷയം അന്വേഷിച്ച് പിഴ ചുമത്തിയത്.

2022ൽ കയ്യയച്ച് പണം ചിലവാക്കിയതോടെ 2023ൽ പി.എസ്.ജി പരമാവധി ചിലവാക്കാൻ കഴിയുന്ന തുകയിൽ യുവേഫ വലിയ രീതിയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുകയാണെങ്കിൽ കടുത്ത നടപടികൾ ക്ലബ്ബിന് നേരിടേണ്ടി വരുമെന്ന് യുവേഫ കർശന നിർദേശം നൽകിയിട്ടുണ്ട്.

മെസി, നെയ്മർ, എംബാപ്പെ അടക്കുമുള്ള വൻ താരനിര കൈവശമുള്ളതാണ് ഇത്രയും വലിയ തുക ചിലവഴിക്കാൻ പി.എസ്.ജിയെ പ്രേരിപ്പിക്കുന്നത്.

ഫുട്ബോളിൽ ക്ലബ്ബുകൾ തമ്മിൽ സ്‌ക്വാഡ് ഡെപ്ത്തിൽ വലിയ അന്തരം ഉണ്ടാകാതിരിക്കാനാണ് ക്ലബ്ബുകൾക്ക് ചിലവാക്കാൻ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിക്കുന്നത്.

Content Highlights:Money spent without control; PSG fined Rs 88 crore

We use cookies to give you the best possible experience. Learn more