ഹൈദരാബാദ്: ലഹരിമാഫിയയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ സംവിധായകന്‍ പുരി ജഗനാഥിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്ത് മണിക്കൂര്‍ നേരമാണ് സംവിധായകനെ ചോദ്യം ചെയ്തത്.
നാല് വര്‍ഷത്തോളം ലഹരിമാഫിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. 2015 മുതല്‍ 2017 വരെയുള്ള കാലയളവിലെ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുടെ കണക്കില്‍പ്പെടാത്ത ഫണ്ട് കൈമാറ്റങ്ങള്‍ ഉണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍.
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി തെലുങ്ക് സിനിമയിലെ 10 പേര്‍ക്കും ഒരു സ്വകാര്യ ക്ലബ് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും കഴിഞ്ഞയാഴ്ച ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
അഭിനേതാക്കളായ രാകുല്‍ പ്രീത് സിംഗ്, റാണ ദഗ്ഗുബതി, രവി തേജ, ചാര്‍മി കൗര്‍, നവദീപ്, മുമൈത് ഖാന്‍, പുരി ജഗന്നാഥ് എന്നിവരോട് ആഗസ്റ്റ് 31 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ഹാജരാകാനായിരുന്നു ഇ.ഡി നിര്‍ദ്ദേശിച്ചത്.
തനിഷ്, നന്ദു, നടന്‍ രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസ് എന്നിവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പ്രൊഡ്യൂസര്‍ ബാന്‍ഡാല ഗണേഷ് ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. ഇതോടെ ഇദ്ദേഹത്തെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി അഭ്യൂഹം പരന്നിരുന്നു.
എന്നാല്‍ താന്‍ തന്റെ സുഹൃത്തായ പുരി ജഗനാഥിനെ കാണാന്‍ മാത്രമാണ് എത്തിയതെന്നും പക്ഷേ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ കേസുമായി ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിക്കേസില്‍ തെലങ്കാനയിലെ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
2017 ജൂലൈ 2 ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംഗീതജ്ഞനായ കാല്‍വിന്‍ മസ്‌കറന്‍ഹസിനെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. ഈക്കേസിലെ അന്വേഷണമാണ് ഒടുവില്‍ പുരിജഗനാഥ് അടക്കമുള്ളവരില്‍ എത്തിനില്‍ക്കുന്നത്.
സിനിമാ താരങ്ങള്‍ക്കും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും ചില കോര്‍പ്പറേറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് അറസ്റ്റിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ചില തെലുങ്ക് സെലിബ്രിറ്റികളുടെ മൊബൈല്‍ നമ്പറുകള്‍ ഇവരുടെ ഫോണുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സമഗ്രമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പ് എസ്.ഐ.ടി രൂപീകരിക്കുകയായിരുന്നു. മൊത്തം 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍, 30 പേരെ അറസ്റ്റ് ചെയ്തു. സിനിമാമേഖലയുമായി ബന്ധപ്പെട്ട 11 പേര്‍ ഉള്‍പ്പെടെ 62 വ്യക്തികളെ പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് സിനിമാ താരങ്ങള്‍ക്ക് എസ്.ഐ.ടി ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.