ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം തമന്ന ഭാട്ടിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ബിറ്റ്‌കോയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് നിക്ഷേപകരെ കബളിപ്പിച്ചെന്ന ആരോപണം നേരിടുന്ന എച്ച്.പി.ഇസെഡ്. ടോക്കണ്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ഇ.ഡി. ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുവാഹത്തിയിലെ ഇ.ഡി.സോണല്‍ ഓഫീസില്‍ വെച്ചാണ് നടിയെ ചോദ്യം ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന പ്രസ്തുത കമ്പനിയുടെ ഒരു പരിപാടിയില്‍ സെലിബ്രിറ്റി എന്ന നിലയില്‍ താരം പങ്കെടുത്തിരുന്നു. ഇതിനായി താരത്തിന് വലിയ പ്രതിഫലവും ലഭിച്ചിരുന്നു. ഈ പ്രതിഫലത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് താരത്തെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തമന്നക്കെതിരെ ഇ.ഡി. കുറ്റം ആരോപിച്ചിട്ടില്ലെന്നും നേരത്തെ തന്നെ താരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ജോലി തിരക്ക് കാരണം ഹാജരാകാന്‍ സാധിക്കാത്തതിനാലാണ് വ്യാഴാഴ്ച ഹാജരായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
10 ചൈനീസ് ഡയറക്ടര്‍മാള്‍ ഉള്‍പ്പടെയുള്ളവരാണ് എച്ച്.പി.ഇസെഡ്. ടോക്കണ്‍ എന്ന കമ്പനിയുടെ മേധാവികള്‍. കമ്പനിക്കെതിരെ രാജ്യത്തുടനീളം കള്ളപ്പണം വെളുപ്പിക്കലിന് കേസ് നടക്കുന്നുണ്ട്. ബിറ്റ്‌കോയിനുകളുടെയും ക്രിപ്‌റ്റോ കറന്‍സികളുടെയും പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിനും കമ്പനിക്കെതിരെ കേസുകളുണ്ട്.
5700 രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 4000 രൂപ വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഒറ്റത്തവണയാണ് കമ്പനി നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത പണം നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേസിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇ.ഡി. നടത്തിയ അന്വേഷണത്തില്‍ എച്ച്.പി.ഇസെഡ്. ടോക്കണ്‍ കമ്പനിയുടെ 455കോടിയുടെ സ്വത്ത് കണ്ടുകെട്ടയതായും റിപ്പോര്‍ട്ടുകളുണ്ട്.
content highlights: money laundering; ED questioned actress Tamannaah Bhatia