മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ മുംബൈ കോടതി 2021 നവംബര്‍ 6 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ വിട്ടു.
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ജെ.ജെ ഹോസ്പിറ്റലില്‍ നിന്നുള്ള വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ റിമാന്‍ഡ് ചെയ്യുന്നതിനായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.ബി. ജാദവിന്റെ മുമ്പാകെ ഹാജരാക്കി.
കക്ഷികളുടെ വാദം കേട്ട ശേഷം ജഡ്ജി ജാദവ് ദേശ്മുഖിന്റെ കസ്റ്റഡി ഇ.ഡിക്ക് അനുവദിച്ചു.
ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി, 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ദേശ്മുഖിന്റെ അറസ്റ്റ്.
പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും എല്ലാ മാസവും നൂറ് കോടി പിരിക്കാന്‍ ശ്രമിച്ചെന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ തുടക്കം.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കയച്ച കത്തിലാണ് പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. താന്‍ അന്വേഷിക്കുന്ന മുകേഷ് അംബാനിക്ക് നേരെയുള്ള ബോംബ് ഭീഷണി കേസില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പരംബീര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.
തനിക്കെതിരെയുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും, തന്നെ അപകീര്‍കത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ്
നടക്കുന്നതെന്നും ആരോപിച്ച് ദേശ്മുഖ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍, പരംബീറിന്റെ ഈ വെളിപ്പെടുത്തല്‍ വമ്പന്‍ രാഷ്ട്രീയ ചലനങ്ങളായിരുന്നു സംസ്ഥാനത്ത് ഉണ്ടാക്കിയിരുന്നത്. ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ദേശ്മുഖിന് മന്ത്രി സ്ഥാനം നഷ്ടമായത്.
ദേശ്മുഖിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡേ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.