| Thursday, 30th August 2018, 8:56 pm

റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ആശങ്കയെന്തിന്; കിടപ്പറയിലും കുളിമുറിയിലും ഒളിപ്പിച്ച പണം ബാങ്കിലെത്തിയതില്‍ സന്തോഷിക്കണ്ടേയെന്ന് ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കിടപ്പറകളിലും കുളിമുറികളിലും ഒളിച്ചുവച്ചിരുന്ന നോട്ടുകെട്ടുകള്‍ വിനിമയത്തിലേക്കു തിരിച്ചെത്തിയത് നോട്ടുനിരോധനം കാരണമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ സാമ്പത്തിക രംഗത്തിന് വലിയ മുതല്‍ക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരികെയെത്തിയെന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളെന്തിനാണ് ഇത്രയധികം ആശങ്കപ്പെടുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ല. ബാങ്കിംഗ് വ്യവസ്ഥയിലേക്ക് പണമെല്ലാം തിരിച്ചുവന്നെന്നറിഞ്ഞതില്‍ താന്‍ സന്തോഷിക്കുകയാണ് ചെയ്യുന്നതെന്നും ഉപരാഷ്ട്രപതി പറയുന്നു.

Also Read: നോട്ടുനിരോധനം പരാജയമല്ല, നികുതിപ്പണം വഴിയുള്ള വരുമാനം വര്‍ദ്ധിച്ചു: ന്യായീകരിച്ച് ജയ്റ്റ്‌ലി

“കിടപ്പറകളിലും കുളിമുറികളിലും ഒളിച്ചുവച്ചിരിക്കുകയായിരുന്ന പണം ബാങ്കുകളില്‍ തിരിച്ചെത്തി. പണം തിരിച്ചുവന്നു എന്നതാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്. അതില്‍ കള്ളപ്പണമെത്രയുണ്ടെന്ന് കണ്ടെത്തേണ്ടത് റിസര്‍വ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റേയും ജോലിയാണ്. അതവര്‍ ചെയ്യുകയും ചെയ്യും.”

കള്ളപ്പണം വെളുപ്പിക്കേണ്ടവര്‍ക്ക് അതിനും പാര്‍ലമെന്റ് അനുവദിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. നികുതി അടച്ചാല്‍ കണക്കിലില്ലാത്ത തുകയും ജനങ്ങള്‍ക്ക് ചെലവഴിക്കാം. പണമില്ലാത്ത ജനങ്ങള്‍ക്ക് എന്തിനാണ് ജന്‍ ധന്‍ സ്‌കീമെന്നും ചോദ്യം ചെയ്തവരുണ്ട്, അതിന്റെ ആവശ്യം അവര്‍ക്കു മനസ്സിലായത് നോട്ടു നിരോധനം നിലവില്‍ വന്ന ദിവസമാണെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more