ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു സ്പാനിഷ് സീരീസാണ് മണി ഹീസ്റ്റ്. ഈ സീരീസിന് മലയാളികള്‍ക്കിടയില്‍ പോലും ഒരുപാട് ആരാധകരുണ്ട്. സീരീസ് റിലീസായപ്പോള്‍ വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ടിരുന്നു.
മണി ഹീസ്റ്റില്‍ പ്രൊഫസറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അല്‍വാരോ മോര്‍ട്ടെ എന്ന സ്പാനിഷ് അഭിനേതാവും ലോകം മുഴുവന്‍ വലിയ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഈ സീരീസിലൂടെ ഏറെ ശ്രദ്ധ നേടിയ മറ്റൊരു അഭിനേതാവാണ് പെഡ്രോ അലന്‍സൊ.
അദ്ദേഹം നായകനായി വരുന്ന മണി ഹീസ്റ്റിന്റെ സ്പിന്‍-ഓഫ് സീരീസായ ബെര്‍ലിന്‍ ഡിസംബര്‍ 29ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. 49 മുതല്‍ 57 മിനിറ്റ് വരെ ധൈര്‍ഘ്യമുള്ള എട്ട് എപ്പിസോഡുകളാണ് സീരീസിനുള്ളത്. സ്പാനിഷിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
സീരീസിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ നവംബര്‍ 28നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ടിരുന്നത്. മിഷേല്‍ ജെന്നര്‍, ട്രിസ്റ്റന്‍ ഉല്ലോവ, ബെഗോണ വര്‍ഗാസ്, ജൂലിയോ പെന ഫെര്‍ണാണ്ടസ്, ജോയല്‍ സാഞ്ചസ് എന്നിവരും ഈ സീരീസിലുണ്ട്.
അതേസമയം ബെര്‍ലിന്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലീക്കായതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുള്‍ സീരീസ് തമിഴ് റോക്കേഴ്‌സ്, മൂവിറൂള്‍സ്, ടെലിഗ്രാം ചാനലുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും വിധമാണ് ലീക്കായത്.
ബെര്‍ലിന് പുറമെ മറ്റു പല സീരീസുകളും സിനിമകളും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ ലീക്കായതായും റിപ്പോര്‍ട്ടുകളുണ്ട്. യു യു ഹകുഷോ എന്ന ജാപ്പനീസ് സീരീസും, ദി ക്രൗണ്‍ സീസണ്‍ 6 എന്ന ഹിസ്റ്റോറിക്കല്‍ സീരീസും ഇന്ത്യന്‍ സിനിമകളായ സലാറും നേരും ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlight: Money Heist Spin-Off Series ‘Berlin’ on Netflix; And illegally leaked on the internet