| Tuesday, 28th November 2023, 9:49 pm

ബെര്‍ലിന്‍; പാരീസില്‍ കവര്‍ച്ച നടത്താന്‍ മണി ഹീസ്റ്റെത്തുന്നു; ട്രെയ്ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള ഒരു സീരീസാണ് മണി ഹീസ്റ്റ്. ഈ സീരീസ് മലയാളികള്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.

മണി ഹീസ്റ്റില്‍ പ്രൊഫസറിന്റെ കഥാപാത്രത്തെ ചെയ്ത അല്‍വാരോ മോര്‍ട്ടെ എന്ന സ്പാനിഷ് അഭിനേതാവ് ലോകം മുഴുവന്‍ വലിയ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഈ സീരീസിലൂടെ ഏറെ ശ്രദ്ധ നേടിയ മറ്റൊരു അഭിനേതാവാണ് പെഡ്രോ അലന്‍സൊ. അദ്ദേഹം നായകനായി വരുന്ന മണി ഹീസ്റ്റിന്റെ സ്പിന്‍-ഓഫ് സീരീസായ ബെര്‍ലിനിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തു വന്നു.

നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബിലൂടെ ‘ചില പ്രണയകഥകള്‍ പോലെ ചില കവര്‍ച്ചകളും അപ്രതിരോധ്യമാണ്,’ എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് നെറ്റ്ഫ്ളിക്സ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

ഡിസംബര്‍ 29നാകും ബെര്‍ലിന്‍ നെറ്റ്ഫ്ളിക്സിലെത്തുന്നത്. മിഷേല്‍ ജെന്നര്‍, ട്രിസ്റ്റന്‍ ഉല്ലോവ, ബെഗോണ വര്‍ഗാസ്, ജൂലിയോ പെന ഫെര്‍ണാണ്ടസ്, ജോയല്‍ സാഞ്ചസ് എന്നിവരും ഈ സീരീസിലുണ്ടാവും.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിച്ചിരുന്നത്.

തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആദ്യ സീസണിന് ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു.

സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്.

തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു. രണ്ടു സീസണുകളിലായി 15 എപ്പിസോഡുകളാണ് സ്പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക്‌സ് ഇതേറ്റെടുത്തപ്പോള്‍ 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്.

പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായാണ് ഇറങ്ങിയിരുന്നത്.

Content Highlight: Money Heist Spin Off Berlin Series Official Trailer Out Now

We use cookies to give you the best possible experience. Learn more