|

പ്രൊഫസറില്ലാതെ യുദ്ധത്തിനൊരുങ്ങി ടീം മണി ഹീസ്റ്റ്; ത്രില്ലടിപ്പിച്ച് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് മണി ഹീസ്റ്റ്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് സൈനവുമായു മണി ഹീസ്റ്റ് ടീം ഏറ്റുമുട്ടുന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. പ്രൊഫസര്‍ ഈ സീസണിലെ ഭൂരിഭാഗവും പൊലീസ് പിടിയിലാണെന്നും ട്രെയ്‌ലര്‍ പറയാതെ പറയുന്നുണ്ട്.

ലിസ്ബണാണ് അഞ്ചാം സീസണില്‍ മണി ഹീസ്റ്റ് ടീമിനെ നയിക്കുന്നതെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നു. ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങള്‍ ട്രെയ്‌ലറില്‍ കടന്നുവരുന്നത് ഫ്‌ളാഷ് ബാക്കിലേക്ക് കടക്കുന്നതോടൊപ്പം മുഴുവന്‍ പദ്ധതിയും പ്രൊഫസറാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നുള്ള സൂചനയും ട്രെയ്‌ലര്‍ പറയുന്നുണ്ട്.

ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നെറ്റ്ഫ്ളിക്സ് സീരിസാണ് മണി ഹീസ്റ്റ്. സ്പാനിഷ് സീരിസായ മണി ഹീസ്റ്റിന് ഇന്ത്യയിലും ആരാ
ധകരേറെയുണ്ട്. സീരിസിലെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം പ്രത്യേകം ഫാന്‍സ് തന്നെയുണ്ട്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ആദ്യ സീസണിനു ശേഷം സ്‌പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ അപ്രതീക്ഷിത വരവ്. സീരീസിനെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തു.

രണ്ടു സീസണുകളിലായി 15 സീസണുകളാണ് സ്‌പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്‌ളിക് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്.

പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്ളിക്സ് ഒറിജിനലായി ഇറങ്ങി. ഇപ്പോള്‍ അവസാന ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Money Heist Season 5 Trailer OUT

Video Stories