മണി ഹീസ്റ്റ് എന്ന ഒരൊറ്റ സീരിസിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് അഭിനേതാവാണ് അല്‍വാരോ മോര്‍ട്ടെ. മണി ഹീസ്റ്റിലെ പ്രൊഫസറായെത്തി പ്രേക്ഷകമനം കവര്‍ന്ന അല്‍വാരൊ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചു തുറന്നുപറയുന്ന അഭിമുഖം ഇപ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചായിരിക്കുകയാണ്.
മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രൊഫസറുടെ മുന്‍ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
2011ല്‍ അല്‍വാരൊയുടെ ഇടതുകാലിന് ട്യൂമര്‍ ബാധിച്ചിരുന്നു. കാല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നോ അല്ലെങ്കില്‍ മരണം തന്നെ സംഭവിച്ചേക്കാമെന്നോ ആയിരുന്നു താന്‍ കരുതിയിരുന്നതെന്നാണ് അല്‍വാരൊ പറയുന്നത്.
2016ല്‍ ദി ഒബ്‌സര്‍വര്‍ക്കും കോക്ക്‌ടെയ്ല്‍ മാഗസിനും നല്‍കിയ അഭിമുഖങ്ങളിലാണ് അദ്ദേഹം ജീവിതത്തിലെ നിര്‍ണായക കാലഘട്ടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.
‘വെള്ളക്കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ചെത്തിയ ഡോക്ടറെത്തിയത് എനിക്ക് ഓര്‍മ്മയുണ്ട്. ‘ഇത് നിങ്ങള്‍ക്ക് സംഭവിച്ചു, ശരിയാണ്. പക്ഷെ ജീവിതത്തില്‍ ഇനിയും നിങ്ങള്‍ക്ക് മുന്‍പില്‍ ഒരുപാട് കാലമുണ്ട്. ഇനിയും ഏറെ സമയമുണ്ട് ‘ എന്ന് ആ ഡോക്ടര്‍ പറഞ്ഞു,’ അല്‍വാരൊ പറയുന്നു.
ട്യൂമറിനുള്ള ചികിത്സ നടക്കുന്നതിനിടയില്‍ താന്‍ പെട്ടെന്ന് മരിച്ചു പോകുകയാണെങ്കില്‍ ശാന്തമായും സ്വസ്ഥമായും ആ മരണത്തെ സ്വാഗതം ചെയ്യാന്‍ സാധിക്കുമോയെന്നാണ് ഒരു ഘട്ടം മുതല്‍ താന്‍ ചിന്തിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ആദ്യം ഞാന്‍ വിചാരിച്ചു ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന്. പിന്നെ ഞാന്‍ വിചാരിച്ചു എനിക്ക് കാല്‍ നഷ്ടപ്പെടുമെന്ന്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല.
ഞാനൊരു മൂന്ന് മാസത്തിനുള്ളില്‍ മരിച്ചാല്‍ ആ മരണത്തെ സ്വസ്ഥമായി സ്വാഗതം ചെയ്യാനാകുമോയെന്നായി പിന്നീടുള്ള എന്റെ ചിന്ത. എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍ ബഹുമാനിച്ചിട്ടുണ്ടോ? ഞാന്‍ വിശ്വസിക്കുന്ന ആശയങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ? എന്നൊക്കയാണ് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്,’ അല്‍വാരൊ പറയുന്നു.
പിന്നീട് ട്യൂമറിനെ തോല്‍പിച്ചുകൊണ്ട് മടങ്ങിയെത്തിയ അല്‍വാരൊ ജീവിതത്തിലെ ഓരോ നിമിഷവും താന്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്നും പറയുന്നു. സീരിസിലെ പ്രൊഫസറുടെ ഡയലോഗുകള്‍ പോലെ ജീവിതത്തെ കുറിച്ചുള്ള അല്‍വാരൊയുടെ കാഴ്ചപ്പാടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം മണി ഹീസ്റ്റിന്റെ അവസാന ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ട് സീസണുകളായാണ് അവസാന ഭാഗം ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിനായിരുന്നു അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ മൂന്നിന് സീസണ്‍ നെറ്റ്ഫ്‌ളിക്‌സിലെത്തും.
2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.
രണ്ടു സീസണുകളിലായി 15 സീസണുകളാണ് സ്പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക്‌സ് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായാണ് ഇറങ്ങിയത്.
Content Highlight: Money Heist Professor Alvaro Morte about his fight with cancer