ലോകം മുഴുവന്‍ ആരാധകരുള്ള നെറ്റ്ഫ്‌ളിക്‌സ് സീരിസായ മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സീരിസിന് ഇന്ത്യയിലും ആരാധകരേറെയാണ്. അഞ്ചാം സീസണ്‍ ഇറങ്ങുന്നതിന് മുന്‍പ് മണി ഹീസ്റ്റിന് നിരവധി ഫാന്‍ തിയറികള്‍ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ ഇന്ത്യയില ആരാധകര്‍ സൃഷ്ടിച്ച തിയറികളില്‍ ചിലതിന് സീരിസിലെ പ്രധാന കഥാപാത്രമായ ബെര്‍ലിന്‍ മറുപടി പറയുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട വീഡിയോയിലാണ് ഇന്ത്യയിലെ ഫാന്‍ തിയറികള്‍ക്ക് ബെര്‍ലിന്‍ മറുപടി നല്‍കുന്നത്.
നാലാം സീസണിന്റെ അവസാനത്തില്‍ പൊലീസിന്റെ പിടിയിലായത് പ്രൊഫസറുടെ പ്ലാനിന്റെ ഭാഗമാണെന്നാണ് ആദ്യ തിയറി. തനിക്കും അത്തരമൊരു സംശയമുണ്ടെന്നാണ് ബെര്‍ലിന്‍ പറയുന്നത്.
കാണുന്നവരെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും വിഷമങ്ങളിലേക്കും തള്ളിവിടുന്നു എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ അത് തന്റെ സഹോദരന്‍ ബോധപൂര്‍വം ചെയ്തതാകാന്‍ സാധ്യതയുണ്ടെന്നും ബെര്‍ലിന്‍ പറഞ്ഞു.
ബെര്‍ലിന്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലെന്നും എല്ലാം പ്രൊഫസറുടെയും ബെര്‍ലിന്റെയും പ്ലാനിന്റെ ഭാഗമാണെന്നുമാണ് അടുത്ത തിയറി. നിങ്ങള്‍ എന്താണ് പറയുന്നതെന്നും ചോദിക്കുന്നതെന്നും നന്നായി ശ്രദ്ധിക്കണമെന്നും ഒരാള്‍ പറയുന്ന വാക്കുകള്‍ അയാള്‍ക്ക് തന്നെ തിരിച്ചെടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നുമാണ് ബെര്‍ലിന്‍ പറഞ്ഞത്. കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അലീസിയ സിയാരെ പൊലീസിനോട് പ്രതികാരം ചെയ്യാന്‍ വേണ്ടി പ്രൊഫസറുടെ ഗ്യാങ്ങിനൊപ്പം ചേരും, ടോകിയോ ഒഴികെ പ്രൊഫസറടക്കം എല്ലാവരും മരിക്കും, സിയാരെക്ക് പ്രസവസമയമടുക്കുകയും പ്രൊഫസര്‍ സഹായിക്കുകയും ചെയ്യും, നയ്‌റോബിയുടെയോ സിയാരെയുടേയോ മക്കള്‍ക്കാണ് ടോകിയോ കഥ പറഞ്ഞുകൊടുക്കുന്നത് എന്നിങ്ങനെ നിരവധി തിയറികള്‍ ബെര്‍ലിനോട് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും രസകരമായ മറുപടിയാണ് ബെര്‍ലിന്‍ നല്‍കുന്നത്.
രണ്ട് സീസണുകളായാണ് മണി ഹീസ്റ്റിന്റെ അവസാന ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗം സെപ്റ്റംബര്‍ മൂന്നിന് പുറത്തുവന്നു കഴിഞ്ഞു. ആഗസ്റ്റ് രണ്ടിന് പുറത്തുവന്ന ഈ ഭാഗത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.
2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3യിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു
എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്, സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.
രണ്ടു സീസണുകളിലായി 15 എപ്പിസോഡുകളായാണ് സ്പാനിഷ് ചാനലില്‍ സീരിസ് സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക്‌സ് ഇതേറ്റെടുത്തപ്പോള്‍ 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയായിരുന്നു സ്ട്രീം ചെയ്തത്.
നെറ്റ്ഫ്‌ളിക്‌സ് റിലീസോടെ മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടി. തുടര്‍ന്നാണ് മൂന്നാം സീസണിനെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നതും ആ സീസണ്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസായി ഇറങ്ങുന്നതും.