| Tuesday, 11th June 2019, 11:02 am

നാപ്‌ടോളിന്റെ പേരില്‍ ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ്: പണം പോയവരില്‍ മലയാളികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടെലിമാര്‍ക്കറ്റിങ് കമ്പനിയായ നാപ്‌ടോളിന്റെ പേരില്‍ സാമ്പത്തികതട്ടിപ്പ്. ലക്ഷങ്ങളുടെ തട്ടിപ്പില്‍ മലയാളികള്‍ അടക്കമുള്ളവര്‍ക്കു പണം നഷ്ടമായി. വലിയ തുകയുടെ സമ്മാനകൂപ്പണുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

തട്ടിപ്പിന് ഉപയോഗിക്കുന്നതു വ്യാജ ചെക്കുകളും റിസര്‍വ് ബാങ്കിന്റെ വ്യാജ കത്തുമാണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഇതുസംബന്ധിച്ച് പൊലീസില്‍ ആരും പരാതിപ്പെട്ടിട്ടില്ല.

നാപ്‌ടോളില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് അധികം വൈകാതെ സമ്മാനം ലഭിച്ചു എന്നറിയിച്ചുകൊണ്ട് ഫോണ്‍കോള്‍ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റല്‍ വഴി സമ്മാനകൂപ്പണും ലഭിക്കും.

ഈ കൂപ്പണ്‍ ചുരണ്ടിയാല്‍ ടാറ്റാ സഫാരി മുതല്‍ മാരുതി ഒമ്‌നി വരെയുള്ള സമ്മാനം ലഭിച്ചതായി കാണാം. കൂപ്പണില്‍ നല്‍കിയിട്ടുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ ഒരു മലയാളി ഫോണെടുക്കും.

വാഹനത്തിനു പകരം പണം നല്‍കാമെന്ന വാഗ്ദാനമാണ് പൊതുവില്‍ തട്ടിപ്പിനിരയായവര്‍ സ്വീകരിച്ചത്. ലഭിച്ച സമ്മാനത്തിന്റെ നികുതി എന്ന പേരില്‍ 12,800 രൂപ അടയ്ക്കാന്‍ അവര്‍ ആവശ്യപ്പെടും. പണമടച്ചാല്‍ ലക്ഷങ്ങള്‍ അക്കൗണ്ടിലെത്തുമെന്ന് ബോധ്യപ്പെടുത്താന്‍ തട്ടിപ്പിനിരയാകുന്ന വ്യക്തിയുടെ പേരില്‍ ലഭിക്കാന്‍ പോകുന്ന പണം രേഖപ്പെടുത്തിയ ചെക്കും റിസര്‍വ് ബാങ്കിന്റെ പേരിലുള്ള വ്യാജ കത്തും വാട്‌സാപ്പില്‍ അയക്കും.

പണം തട്ടിയെടുത്താലും ഹെല്‍പ്പ്‌ലൈന്‍ നമ്പരിന്റെ പ്രവര്‍ത്തനം തുടരും. റിസര്‍വ് ബാങ്കിനെ പഴിപറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടും.

എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് നാപ്‌ടോള്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നാപ്‌ടോളിന്റെ പേരിലാണ് ഈ നമ്പര്‍ ട്രൂകോളറില്‍ കിടക്കുന്നത്.

We use cookies to give you the best possible experience. Learn more