|

ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജഡ്ജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. മലയാളി അഭിഭാഷകന്‍ മാത്യൂസ്.ജെ. നെടുമ്പാറയാണ് ഹരജി നല്‍കിയത്.

യശ്വന്ത് വര്‍മയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണ അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം ഇന്ന് സുപ്രീം കോടതി, സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സുപ്രീം കോടതി വെബ്സൈറ്റിലാണ് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തത്. തെളിവുകളടങ്ങുന്ന റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. പണം കണ്ടെത്തിയതിന്റെ ഫോട്ടോയും ഒപ്പം യശ്വന്ത് വര്‍മയുടെ വിശദമായ പ്രതികരണവും പുറത്തുവിട്ടറിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ.എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 14 ന് രാത്രി ഏകദേശം 11:30 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ വസതിയിലെ സ്റ്റോര്‍ റൂമില്‍ തീപിടുത്തമുണ്ടായത്. വീട്ടുജോലിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് തീപിടുത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത ദിവസം, ചീഫ് ജസ്റ്റിസ് ഉപാധ്യായയും ഹൈക്കോടതി രജിസ്ട്രാറും ബംഗ്ലാവ് സന്ദര്‍ശിക്കുകയും സ്ഥലം നേരിട്ട് പരിശോധിക്കുകയും ചെയ്തു. പ്രധാന താമസസ്ഥലങ്ങളില്‍ നിന്ന് വേറിട്ടാണ് സ്റ്റോര്‍റൂം സ്ഥിതി ചെയ്യുന്നതെന്നും ജസ്റ്റിസ് വര്‍മയുടെ സേവകര്‍, തോട്ടക്കാര്‍, ഇടയ്ക്കിടെ സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ തുടങ്ങി പരിമിതമായ ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ദല്‍ഹി പൊലീസ് കമ്മീഷണര്‍ ചീഫ് ജസ്റ്റിസ് ഉപാധ്യായയുമായി പങ്കിട്ടിരുന്നു, അതില്‍ പണത്തിന്റെ ചാക്കുകള്‍ ഉണ്ടായിരുന്നു. അവയില്‍ ചിലത് കത്തിനശിച്ച നിലയിലായിരുന്നു.

സ്റ്റോര്‍ റൂമില്‍ കണ്ടെത്തിയ പണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യശ്വന്ത് വര്‍മയുടെ വിശദീകരണം. പണം തന്റേതല്ലെന്നും അത് സ്റ്റോര്‍ റൂമില്‍ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ ഔപചാരിക പ്രതികരണത്തില്‍ യശ്വന്ത് വര്‍മ പറയുകയുണ്ടായി.

Content Highlight:  Money found at High Court judge’s residence; Petition filed in Supreme Court seeking registration of case against judge