ബെംഗളൂരു: കര്‍ണാടകയില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്ഡില്‍ ഡ്രെയിനേജ് പി.വി.സി പൈപ്പിനുള്ളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെത്തി. പരിശോധനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കലബുറഗിയിലുള്ള പി.ഡബ്ല്യു.ഡി ജൂനിയര്‍ എഞ്ചിനീയര്‍ ജെ.ഇ. ശാന്തഗൗഡ ബിരാഡരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പൈപ്പിനുള്ളില്‍ നിന്നും പണവും സ്വര്‍ണവും ലഭിച്ചത്. എ.സി.ബി എസ്.പി മഹേഷ് മേഘനവറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ശാന്തഗൗഡ തന്റെ ജോലി ദുരുപയോഗം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നും അഴിമതി നടത്തുന്നുണ്ടെന്നും സംശയം തോന്നിയതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉദ്യോഗസ്ഥര്‍ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡിനായി എത്തിയത്.
പരിശോധനയ്ക്കിടെ, പി.വി.സി പൈപ്പ് മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്ലംബറെ വിളിച്ച് വരുത്തുകയായിരുന്നു. അയാള്‍ എത്തി പൈപ്പ് മുറിച്ചപ്പോള്‍ അതിനുള്ളില്‍ നോട്ടുകെട്ടുകളും സ്വര്‍ണാഭരണങ്ങളും കുത്തിനിറച്ച നിലയിലായിരുന്നു.
13.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കണ്ടെടുത്തത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിനുള്ളിലെ സീലിങ്ങില്‍ നിന്നും ആറ് ലക്ഷം രൂപ കൂടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണം എത്രയുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.
1992ലാണ് ശാന്തഗൗഡ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. ഇയാളുടെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Money flows out of pipe during A.C.B raid at P.W.D engineer’s house