കൊച്ചി: വിവിധ മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍. 358 കോടിരൂപ സമാഹരിച്ച നാനോ എക്‌സലാണ് ഏറ്റവും കൂടുതല്‍ തുക തട്ടിയെടുത്തത്. കഴിഞ്ഞ ഒരുമാസത്തിനകം പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍, തട്ടിപ്പിന്റെ കണ്ണികള്‍ നിരവധിയുണ്ടെന്ന് വ്യക്തമാക്കുന്നു.
മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത് എത്രകോടിയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാമധേനു ബിസിനസ് ഫോര്‍ച്യൂണ്‍, ബിക് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ് വെഞ്ച്വര്‍, പെന്റവേള്‍ഡ്, ഹെഡ്ര എന്നീ കമ്പനികള്‍ സമാഹരിച്ച പണം സംബന്ധിച്ചാണ് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തത്.[]
സത്യവാങ്മൂലമനുസരിച്ച് ഏറ്റവുമധികം തുകതട്ടിയിരിക്കുന്നത് നാനോ എക്‌സലാണ്. 358 കോടി. ടൈകൂണ്‍ 250 കോടിയുടെയും ആര്‍എംപി 200 കോടിയുടെയും ബിസയര്‍ 123 കോടിയുടെയും തട്ടിപ്പ് നടത്തി. പണം തട്ടിച്ച കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടമായ തുക തിരികെ നല്‍കാന്‍ നടപടിയെടുക്കണമെന്നാണ് തട്ടപ്പിനിരയായവരുടെ ആവശ്യം. ഇതുവരെ കണ്ടെത്തിയത് മഞ്ഞുമലയുടെ ഒരറ്റംമാത്രമാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നാല് തട്ടിപ്പുകള്‍ പുറത്തുവന്നു. 58 കോടി തട്ടിച്ച ആല്‍ഗ മാര്‍ക്കറ്റിംഗ് കമ്പനി, 11.79 കോടിയുടെ തട്ടിപ്പ് നടത്തിയ മൊണാവി, പന്ത്രണ്ടര കോടി തട്ടിച്ച സെമി ഡയറക്ട് എന്നിവയാണ് പുതിയ കേസുകള്‍. പ്രമുഖ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവേയുടെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ കോടികളുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ ആംവേയുടെ പ്രവര്‍ത്തനം മണി ചെയിന്‍ മാതൃകയിലാണെന്ന് കണ്ടെത്തിയിരുന്നു. ന്യൂട്രീഷന്‍ ഉത്പന്നങ്ങള്‍, ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍, ഗ്രേറ്റ് വാല്യു പ്രോഡക്ട്‌സ്, സെയില്‍സ് എയ്ഡ് തുടങ്ങിയ ഉത്പന്നങ്ങളാണ് വന്‍ വില ഈടാക്കി ആംവേയുടെ ഏജന്റ്മാര്‍ വഴി വിറ്റഴിക്കുന്നത്.
കോടികളുടെ തട്ടിപ്പ് നടന്നതായി എല്ലാ കേസുകളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പണമൊക്കെ എവിടേക്കുപോയി എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല.