| Saturday, 4th April 2020, 5:27 pm

ഇനി എ.ടി.എമ്മില്‍ പോവണ്ട, പണം വീട്ടിലെത്തും; പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മില്‍ പോവാതെ പണം പിന്‍വലിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം.

പണം പിന്‍ വലിച്ചവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം. പരമാവധി 10,000 രൂപ വരെയാണ് ഒരു ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. ഇതിന് പ്രത്യേക ചാര്‍ജുകളും ഈടാക്കുന്നതല്ല.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആലോചിക്കുന്നത്. ബാങ്കിലോ എടി.എമ്മിലെ പോവാതെ പണം പിന്‍വലിക്കാം. ബയോ മെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ എണ്ണായിരത്തോളം പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പണം നല്‍കുന്ന രീതിയിലാണ് പദ്ധതിയെന്ന് പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സെയ്ദി റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പോസ്റ്റ് ഓഫീസില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ക്കൊപ്പം ലഭിക്കേണ്ട പണത്തെക്കുറിച്ചും അറിയിച്ചാല്‍ പോസ്റ്റ് മാന്‍ പണവുമായി വീട്ടിലെത്തും. തപാല്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് സംവിധാനം നല്‍കിയിട്ടുണ്ട്. തപാല്‍ ജീവനക്കാരെല്ലാം ഇന്ത്യാ പോസ്റ്റ് ബാങ്കിന്റെ ജീവനക്കാര്‍ കൂടിയാണ്. അവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

‘ഉപഭോക്താക്കള്‍ പണവുമായി വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരോട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ പറഞ്ഞ് കൊടുക്കണം. അപ്പോള്‍ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ആ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ പണം പിന്‍വലിക്കാന്‍ കഴിയും. ബയോ മെട്രിക് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതിന് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം’, സെയ്ദ് റഷീദ് പറഞ്ഞു.

എന്നാല്‍, സഹകരണ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more