തിരുവനന്തപുരം: സിവില്‍ സപ്ലൈസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ നൂറോളം റേഷന്‍ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.[]
രണ്ട് ദിവസമായി നടക്കുന്ന പരിശോധനയില്‍ വ്യാപകമായ പൂഴ്ത്തിവെപ്പും മറിച്ചുവില്‍ക്കലും നടക്കുന്നതായി സിവില്‍ സപ്ലൈസ് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍ റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോ മാനേജരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലും പരിശോധനയിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി മൊത്ത വിതരണ ഡിപ്പോകള്‍ അടച്ചിടാന്‍ വിതരണക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയില്‍ മൂന്നുറേഷന്‍ കടയുടമകളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ശനിയാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. റേഷന്‍ മൊത്തവിതരണക്കാരും കടകള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് പലയിടത്തും റേഷന്‍ കടയുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ എടുക്കാനായില്ല.
വെള്ളിയാഴ്ച മിക്കജില്ലകളില്‍ നിന്നും കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും പിടിച്ചെടുത്തിരുന്നു. കൃത്യമായ സ്‌റ്റോക് വിവരം സൂക്ഷിക്കാത്ത കടകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.
ഇന്നലെ നടന്ന പരിശോധനയില്‍ മാത്രം 30 റേഷന്‍കടകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ . മൊത്തം 2954 കിലോ അരിയും കണക്കില്‍പ്പെടാത്ത മണ്ണെണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
സിവില്‍ സപ്ലൈസിലെ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പോലീസും സിവില്‍ സപ്ലൈസ് അധികൃതരും ചേര്‍ന്നാണ് റേഷന്‍ കടകളിലും മൊത്തവ്യാപാര ഡിപ്പോകളിലും പരിശോധന നടത്തുന്നത്.
ഓരോ ജില്ലയിലും പരിശോധന നടത്താന്‍ അയല്‍ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
പൊതുവിപണിയില്‍ വിലനിലവാരം നിയന്ത്രണ വിധേയം ആകുംവരെ പരിശോധന തുടരാനാണ് തിരുമാനം.