ഇന്ത്യക്കെതിരെയുള്ള കളിയിലാണ് ഇനിയുള്ള ഞങ്ങളുടെ എല്ലാ ശ്രദ്ധയും: അമേരിക്കൻ ക്യാപ്റ്റൻ
Cricket
ഇന്ത്യക്കെതിരെയുള്ള കളിയിലാണ് ഇനിയുള്ള ഞങ്ങളുടെ എല്ലാ ശ്രദ്ധയും: അമേരിക്കൻ ക്യാപ്റ്റൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 12:35 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഈ ആവേശകരമായ വിജയത്തിന്റെ സന്തോഷം യു.എസ്.എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ പങ്കുവെച്ചു. മത്സരം ജയിച്ചതിന് ശേഷമുള്ള വികാരങ്ങള്‍ നിയന്ത്രിക്കാനും ഇന്ത്യക്കെതിരായ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അമേരിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞത്.

‘ടീമിന്റെ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ് ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാനെനെതിരെ കളിക്കുകയും അവരെ തോല്‍പ്പിക്കുകയും ചെയ്തത് അവിശ്വസനീയമായ ഒന്നായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ആയിരിക്കും. എന്നാല്‍ ഞങ്ങളുടെ വികാരം ഉയര്‍ന്ന രീതിയില്‍ താഴ്ന്ന രീതിയിലോ ആയി നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ദിവസത്തെ വിജയം ഞങ്ങള്‍ ആസ്വദിക്കും. അടുത്ത മത്സരത്തില്‍ ഫ്രഷായികൊണ്ട് ഞങ്ങള്‍ വരും,’ മോനാങ്ക് പട്ടേല്‍ മത്സര ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിജയം യു.എസ്.എ ക്രിക്കറ്റില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണെന്നും പട്ടേല്‍ പറഞ്ഞു.

‘ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്നുള്ളത് വലിയ നേട്ടമാണ്. അതിനുപുറമേ ലോകകപ്പില്‍ ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്നത് അമേരിക്കയിലെ ക്രിക്കറ്റിനെ വളര്‍ത്താന്‍ ഞങ്ങളെ സഹായിക്കുന്നു. യു.എസ്.എക്ക് ഇതൊരു വലിയ ദിവസമാണെന്ന് ഞാന്‍ പറയും. അമേരിക്കയിലെ ക്രിക്കറ്റ് സമൂഹത്തിന് ഇത് മറക്കാന്‍ കഴിയാത്ത ഒരു നിമിഷമാണ്,’ യു.എസ്.എ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ജയത്തോടെ ഗ്രൂപ്പ് എ യില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അമേരിക്ക. ജൂണ്‍ 12ന് ഇന്ത്യക്കെതിരെയാണ് യു.എസ്.എയുടെ അടുത്ത മത്സരം. നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Monank Patel Talks about U.S.A Cricket team win against Pakistan