കാനഡ-യു.എസ്.എ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യു.എസ്.എക്ക് 31 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പ്രേരിവ്യൂ ക്രിക്കറ്റ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കാനഡ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യു.എസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കാനഡ 19.4 ഓവറില്‍ 199 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ യു.എസ്.എക്കായി അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന്റെ കരുത്തിലാണ് യു.എസ്.എ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 35 പന്തില്‍ 68 റണ്‍സ് നേടി കൊണ്ടായിരുന്നു യു.എസ്.എ നായകന്റെ തകര്‍പ്പന്‍ പ്രകടനം. 194.29 സൈറ്റ് റേറ്റില്‍ ബാറ്റ് വീശിയ പട്ടേല്‍ പത്ത് ഫോറുകളും രണ്ട് സിക്‌സുകളും ആണ് അടിച്ചെടുത്തത്.
മത്സരത്തില്‍ ബാറ്റിങ്ങിന് പുറമേ വിക്കറ്റ് കീപ്പിങ്ങിലും മിന്നും പ്രകടനമാണ് മൊനൊങ്ക് നടത്തിയത്. മൂന്ന് ക്യാച്ചുകള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്നും താരം നേടിയത്. കാനഡ താരങ്ങളായ നിക്കോളാസ് കിര്‍ടോണ്‍, സാദ് ബിന്‍ സഫര്‍, റിഷീവ് ജോഷി എന്നിവരുടെ ക്യാച്ചുകള്‍ ആണ് യു.എസ്.എ നായകന്‍ നേടിയത്.
ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് മൊനോങ്ക് പട്ടേല്‍ സ്വന്തമാക്കിയത്. ടി-20യില്‍ ഒരു മത്സരത്തില്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനും എന്ന നിലയില്‍ 50+റണ്‍സും 3+ ക്യാച്ചും നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് യു.എസ്.എ നായകന്‍ സ്വന്തമാക്കിയത്.
പട്ടേലിനു പുറമേ സ്റ്റീവന്‍ ടൈലര്‍ 25 പന്തില്‍ 54 റണ്‍സും ആന്‍ഡ്രിയസ് ഗോസ് 35 പന്തില്‍ 57 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. 216 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ടൈലര്‍ നേടിയത്. മറുഭാഗത്ത് 162.86 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ആന്‍ഡ്രീസിന്റെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയെ സൗരഭ് നേത്രവല്‍ക്കര്‍, ഷാഡ്ലി വാന്‍ ഷാല്‍ക്ക്വിക്ക്, ഹര്‍മീത് സിങ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിക്കൊണ്ട് തകര്‍ക്കുകയായിരുന്നു. കാനഡയുടെ ബാറ്റിങ്ങില്‍ 40 പന്തില്‍ 74 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സണ്‍ ആണ് ടോപ് സ്‌കോറര്‍. ആറു വീതം ഫോറുകളും സിക്‌സുകളും ആണ് താരം നേടിയത്.
അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് യു.എസ്.എ. ഏപ്രില്‍ 12നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക പ്രേരി വ്യൂ ക്രിക്കറ്റ് കോംപ്ലക്‌സാണ് വേദി.
Content Highlight: Monank Patel create a new record in T20